ദീപു എത്തിയത്‌ കാമുകനെക്കുറിച്ച്‌ രഹസ്യ വിവരം പറയാനുണ്ടെന്ന് പറഞ്ഞ്; റൂംമേറ്റ് ഉറങ്ങിയതോടെ ബലമായി മദ്യം നല്‍കി യുവതിയെ ബലാത്സംഗം ചെയ്‌തു; സിവില്‍ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിവില്‍ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. യുവതിയുടെ കാമുകന്റെ സുഹൃത്താണ് കേസിലെ പ്രതിയായ ദീപു.

യുവതിക്ക് ഇയാളെ അറിയാം. കാമുകനെക്കുറിച്ച്‌ രഹസ്യ വിവരം പറയാനുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ യുവതി താമസിക്കുന്ന കുളത്തൂരിലെ അപ്പാർട്ട്‌മെന്റിലെത്തിയത്. അതും രാത്രി പതിനൊന്നുമണിയോടെ.

ഈ സമയം സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയും അപ്പാർട്ട്‌മെന്റിലുണ്ടായിരുന്നു. ഈ പെണ്‍കുട്ടി ഉറങ്ങിയ ശേഷമാണ് തന്നെ ദീപു പീഡിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്.

ബലമായി മദ്യം നല്‍കുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ ദീപു മൊബൈല്‍ ക്യാമറയില്‍ പകർത്തിയിരുന്നു. തുടർന്ന് അവിടെ നിന്ന് സ്ഥലം വിട്ടു.

യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ സംസ്ഥാനം വിട്ടെന്നാണ് സൂചന. യുവതിയും പ്രതിയും മലയാളികളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.