വനിതകളുടെയും കര്‍ഷകരുടെയും വോട്ടുറപ്പിക്കാം ; ലോക്സഭാ തെരഞ്ഞടുപ്പടുക്കവേ വനിതാ കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.

ദില്ലി : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നല്‍കുന്ന വാര്‍ഷിക സാമ്ബത്തിക സഹായം ആറായിരം രൂപയില്‍നിന്നും പന്ത്രണ്ടായിരം രൂപയാക്കി ഉയര്‍ത്താനാണ് ആലോചന. എന്നാല്‍ നീക്കം തെരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ളതാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

വനിതകളെയും കര്‍ഷകരെയും ഒപ്പം നിര്‍ത്താൻ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ണായക നീക്കം. 2019ല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നിലവില്‍ മാസം 500 രൂപ വീതം വര്‍ഷത്തില്‍ 6000 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. വനിതാ കര്‍ഷകര്‍ക്കുള്ള സാമ്ബത്തിക സഹായം ഇരട്ടിയാക്കി ഉയര്‍ത്താനാണ് ആലോചന. ഇതുവഴി സ്ത്രീകളുടെയും കര്‍ഷകരുടെയും വോട്ടുറപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.

വനിതകള്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒപ്പം നിന്നു എന്നാണ് ഇതിനോടകം പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കിയത്. ഈ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് സര്‍ക്കാരിൻറെ ശ്രമം. വനിത കര്‍ഷകര്‍ക്ക് ഇത് നടപ്പായാല്‍ പ്രതിവര്‍ഷം 12000 രൂപ കിട്ടും. തെരഞ്ഞെടുപ്പിന് മുൻപ് ആദ്യ   ഗഡുവായ   4000 രൂപ നല്കും. 112971186 കുടുംബങ്ങളാണ് നിലവില്‍ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ദതിയുടെ ഗുണഭോക്താക്കള്‍. ഇതില്‍ 3 കോടി 56 ലക്ഷം പേര്‍ വനിതാ കര്‍ഷകരാണ്.

ഫെബ്രുവരി 1ലെ പൊതുബജറ്റില്‍ വനിത കര്‍ഷകര്‍ക്കുള്ള ഈ സഹായം പ്രഖ്യാപിക്കാനാണ് ആലോചന. 18000 കോടി രൂപയുടെ അധിക ചെലവാണ് ഇതുവഴി സര്‍ക്കാറിനുണ്ടാവുക. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക കൈമാറുന്നത്. രാജ്യത്തെ കര്‍ഷകരുടെ 60 ശതമാനവും സ്ത്രീകളാണെങ്കിലും 13 ശതമാനം വനിതാ കര്‍ഷകര്‍ക്ക് മാത്രമാണ് സ്വന്തമായി കൃഷി ഭൂമിയുള്ളത്. നീക്കം വോട്ട് നേടാനുള്ള തട്ടിപ്പാണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.