കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് ഇന്ന് സിബിഐയ്ക്ക് മുൻപിൽ ഹാജരാകും. മൊഴി നൽകാനായാണ് വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാത്തെത്തുക. നിലവിൽ വിജയ് പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ ഡൽഹിയിലേക്ക് തിരിച്ചുകഴിഞ്ഞു. 11 മണിക്കാകും സിബിഐക്ക് മുൻപാകെ വിജയ് ഹാജരാക്കുക. ഡൽഹിയിലെത്തുന്ന വിജയ്ക്ക് കർശന സുരക്ഷയൊരുക്കണമെന്ന് ടിവികെ നേതാക്കൾ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് എത്തുന്ന സമയവും മറ്റും സിബിഐയെ നേരത്തെ അറിയിച്ചു കഴിഞ്ഞു. എന്തുകൊണ്ട് കരൂരിൽ എത്താൻ താമസിച്ചു, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പരാജയപ്പെട്ടു തുടങ്ങിയ ചോദ്യങ്ങളിൽ വിജയ് വിശദീകരണം നൽകേണ്ടിവരും. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന ആരോപണത്തിലും വിജയ് ഉത്തരം നൽകേണ്ടിവരും. നിലവിൽ കേസിലെ സാക്ഷിയായാണ് വിജയ്‌യെ സിബിഐ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരൂര്‍ ദുരന്തമുണ്ടായി നാലുമാസങ്ങള്‍ക്ക് ശേഷമാണ് ആദ്യമായാണ് വിജയ് ഒരു അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തിന് മുന്നില്‍ വിജയ് എത്തിയിരുന്നില്ല. സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
