തെക്കൻ തമിഴ്നാട്ടില്‍ പ്രളയം; നൂറ് കണക്കിന് വീടുകള്‍ വെള്ളത്തിനടിയില്‍; 3 ജില്ലകളിലെ സ്കൂളുകള്‍ക്ക് നാളെ അവധി

ചെന്നൈ: തെക്കൻ തമിഴ്നാട്ടില്‍ അതിതീവ്ര മഴ തുടരുന്നു.

മഴക്കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു. തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും ജനജീവിതം സ്തംഭിച്ചു.
രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യവും സജീവമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിലെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി എന്നീ ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു വര്‍ഷം ആകെ കിട്ടുന്ന മഴ ഒറ്റ ദിവസം പെയ്തിറങ്ങിയപ്പോള്‍ ദുരിതക്കായത്തിലായി തിരുനെല്‍വേലി. വര്‍ഷം പരമാവധി 70 സെന്‍റീ മീറ്റര്‍
മഴ പെയ്യുന്ന തിരുച്ചെന്തൂര്‍, കായല്‍പട്ടണത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെട്ടത് 95 സെന്‍റി മീറ്റര്‍ മഴയാണ്.

തിരുനെല്‍വേലി ജംഗ്ഷനും റെയില്‍വേ സ്റ്റേഷനും കളക്ടറേറ്റും ആശുപത്രികളും നൂറ് കണക്കിന് വീടുകളും വെള്ളത്തില്‍ മുങ്ങി. കളക്ടറേറ്റ് ജീവനക്കാരെ ബോട്ടുകളിലാണ് ഇവരെ പുറത്തെത്തിച്ചത്. താമരഭരണി അടക്കം നദികള്‍ കരകവിഞ്ഞൊഴുകുന്നതും അണക്കെട്ടുകള്‍ അതിവേഗം നിറയുന്നതും ആശങ്ക ഉയര്‍ത്തി.

പ്രസവം അടുത്ത യുവതികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ വേഗത്തിലാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.