ഡല്‍ഹി: ഇറാൻ-ഇസ്രായേല്‍, അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നതടക്കം ആവശ്യപ്പെട്ട് എം പി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും അദ്ദേഹം കത്ത് നല്‍കി.
നിലവിലെ സംഘർഷ സാഹചര്യം ഇന്ത്യയില്‍ നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള പ്രവാസികളില്‍ വലിയ ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരാണ് വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നത്. അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഉത്തരവാദിത്വമാണെന്നും കെ സി വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായ യാത്രയും സംവിധാനം ഉറപ്പാക്കണം. ഈ വിഷയത്തില്‍ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുകയും പ്രവാസി ഇന്ത്യക്കാരുടെ ജീവൻ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് മേഖലയിലേക്ക് സംഘർഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലെ ഇന്ത്യൻ എംബസികളും കോണ്‍സുലേറ്റുകളും ഇവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധം പുലർത്താനും ആവശ്യമായ ഘട്ടത്തില്‍ അവർക്ക് സഹായം എത്തിക്കാനുള്ള നടപടികള്‍ ക്രമീകരിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
