‘ദിലീപ് മോശമായി പെരുമാറി; വലിയ അപമാനവും സങ്കടവുമുണ്ടാക്കി’; ബാന്ദ്ര സിനിമയില്‍ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മന്ത്രി കെ ബി ഗണേശ് കുമാര്‍

കൊച്ചി: ദിലീപ് നായകനായി എത്തിയ ബാന്ദ്ര എന്ന സിനിമയില്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് നടനും മന്ത്രിയുമായ കെ ബി ഗണേശ് കുമാർ.

2023 നവംബർ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമയുടെ സംവിധായകനും ദിലീപും തന്നോട് മോശമായി പെരുമാറിയെന്നാണ് ഗണേശ് കുമാറിന്റെ വെളിപ്പെടുത്തല്‍. ഒരു വാർത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം വർഷങ്ങള്‍ക്കുമുൻപുണ്ടായ സംഭവത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്.

സിനിമയില്‍ തനിക്ക് നല്ല വേഷങ്ങള്‍ കിട്ടിയില്ലെന്നൊരു വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ആകസ്മികമായി സിനിമയില്‍ എത്തിയതല്ലെന്നും സംവിധായകൻ കെ ജി ജോർജ് സാർ വിളിച്ചിട്ടാണ് അഭിനയിക്കാനെത്തിയതെന്നും ഗണേശ് കുമാർ വ്യക്തമാക്കി.

‘പക്ഷെ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയതോടെ എനിക്ക് ഇതൊരു പാഷൻ ആയി മാറി. നല്ല വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചു. സംവിധായകൻമാരായ പ്രിയദർശൻ, ഷാജി കൈലാസ്, ഡെന്നീസ് ജോസഫ്, രണ്‍ജി പണിക്കർ എന്നിങ്ങനെ ചുരുക്കം ചിലരേ എനിക്ക് നല്ല വേഷങ്ങള്‍ തന്നിട്ടുള്ളൂ.
അവരോടൊക്കെ എനിക്ക് നന്ദിയും സ്നേഹവുമുണ്ട്.

പക്ഷെ എന്റെ പല അവസരങ്ങളും പലരും വെട്ടിക്കളഞ്ഞിട്ടുണ്ട്. മഹാന്മാരായ നടന്മാർ പോലും വെട്ടിക്കളഞ്ഞിട്ടുണ്ട്. അതൊക്കെയെനിക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. എന്താണ് കാരണമെന്ന് അറിയില്ല. കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ഒരുപാട് വേഷങ്ങളുണ്ട്.

ബാന്ദ്ര സിനിമയില്‍ അഭിനയിക്കാൻ പോയത് എനിക്ക് വലിയ അപമാനവും സങ്കടവുമുണ്ടാക്കി. ഇത്രയും വർഷത്തെ അഭിനയപരിചയമുള്ള എന്നോട് ദിലീപടക്കം മോശമായി പെരുമാറി എന്ന് തോന്നി. ഞാൻ അഭിനയിക്കേണ്ട ചില സീനുകള്‍ ഞാൻ ഇല്ലാതെ ഷൂട്ട് ചെയ്യന്നതുപോലെയുള്ള മര്യാദകേടുകള്‍ അവർ കാണിച്ചു.

അതിനുശേഷം സിനിമയില്‍ ഇനി അഭിനയിക്കേണ്ടെന്ന് തോന്നി. ബാന്ദ്ര സിനിമയുടെ സംവിധായകനും ദിലീപുമടക്കമുള്ളവർ എന്നെ വേദനിപ്പിച്ചു. നല്ല റോള്‍ ആണെന്ന് പറഞ്ഞാണ് വിളിച്ചത്. പക്ഷെ നല്ല റോള്‍ കിട്ടിയില്ല. കോമ്പിനേഷൻ സീനുകള്‍ വരുന്ന ഘട്ടത്തില്‍ ഞാൻ എവിടെയെന്ന് ദിലീപ് പോലും ചോദിച്ചില്ല. സീനിയറായിട്ടുള്ള ഒരു നടനോട് അവർ ഇങ്ങനെ ചെയ്തെന്ന് ആലോചിച്ചപ്പോഴാണ് ഇനി അഭിനയിക്കേണ്ടെന്ന് തോന്നിയത്’- ഗണേശ് കുമാർ പറഞ്ഞു.