അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ആക്രമിക്കും; ഇറാൻ

അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആക്രമിക്കുമെന്ന് ഇറാൻ. മധ്യപൂർവേഷ്യയിലെ അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാങ്കിങ് സ്ഥാപനങ്ങൾക്കെതിരെ ആക്രമണം നടത്തും. ഇറാനിലെ ബാങ്കിന് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് ഭീഷണി. ഗൂഗിളും മറ്റ് ടെക് കമ്പനികളും ലക്ഷ്യം വയ്ക്കുമെന്ന് ഐആർജിസി വ്യക്തമാക്കി. മേഖലയിലെ ജനങ്ങൾ ബാങ്കുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉണ്ടാകരുത് എന്ന് മുന്നറിയിപ്പ് നൽകി. നമ്മുടെ പ്രത്യാക്രമണത്തിനും വേദനാജനകമായ പ്രതികരണത്തിനും അമേരിക്കക്കാർ കാത്തിരിക്കണമെന്നും കൂട്ടിച്ചേർത്തു.

ഇസ്രായേൽ ബന്ധമുള്ള മുൻനിര യുഎസ് കമ്പനികൾ നടത്തുന്ന ഓഫീസുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പട്ടിക ഐആർജിസിയുമായി ബന്ധപ്പെട്ട തസ്നിം വാർത്താ ഏജൻസി പുറത്തുവിട്ടു. സൈനിക ആവശ്യങ്ങൾക്കായി സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെന്നും അവയെ ഇറാന്റെ പുതിയ ലക്ഷ്യങ്ങൾ എന്നും വിശേഷിപ്പിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, പലന്തിർ, ഐബിഎം, എൻവിഡിയ, ഒറാക്കിൾ എന്നിവ കമ്പനികളിൽ ഉൾപ്പെടുന്നു.