ട്രെൻഡ് മുതല്‍ ടൈറ്റാൻ സ്റ്റീല്‍ വരെ; 100 രാജ്യങ്ങളിലായി വ്യാപിച്ച്‌ കിടക്കുന്ന ബിസിനസ് സാമ്രാജ്യം ഇനി നോയല്‍ ടാറ്റ ഭരിക്കും; ആരാണ് നോയല്‍ ടാറ്റ..?

ഡൽഹി: ഇന്ത്യൻ വ്യവസായമേഖലയെ ലോകനിലവാരത്തിലെത്തിച്ച മഹാമനുഷ്യൻ രത്തൻ ടാറ്റയുടെ വിയോഗ വാർത്ത ഏറെ സങ്കടത്തോടെയാണ് ബിസിനസ് ലോകം നോക്കികണ്ടത്.

അദ്ദേഹത്തിന്റെ മരണശേഷം ടാറ്റാ ഗ്രൂപ്പെന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ചെയർമാൻ ആരാകുമെന്ന ചോദ്യങ്ങളും ഉയർന്നുവന്നിരുന്നു. പല പേരുകളും ചർച്ചയായെങ്കിലും അതിലൊക്കെ മുൻപന്തില്‍ നിന്ന പേര് രത്തൻ ടാറ്റയുടെ അദ്ധസഹോദരനായ നോയല്‍ ടാറ്റയിലേക്കായിരുന്നു.

ഇപ്പോഴിതാ ടാറ്റാ ട്രസ്റ്റിന്റെ പുതിയ ചെയർമാനായി നോയല്‍ ടാറ്റയെ നിയമിച്ചിരിക്കുകയാണ്. രത്തൻ ടാറ്റയുടെ പിതാവായ നവല്‍ ടാറ്റയുടെ രണ്ടാം വിവാഹത്തിലെ പുത്രനാണ് നോയല്‍ ടാറ്റ. നിലവില്‍ അദ്ദേഹം സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ശ്രീ രത്തൻ ടാറ്റാ ട്രസ്റ്റിന്റെയും ഭാഗമാണ്. ഇവയ്ക്ക് ടാറ്റാ ഗ്രൂപ്പില്‍ 60 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

രത്തൻ ടാറ്റ തന്റെ മരണത്തിന് മുൻപായി പിൻഗാമി ആരാകണം എന്നതിനെക്കുറിച്ച്‌ വ്യക്തമാക്കിയിരുന്നില്ലന്നതും നിർണായകമാണ്.
വ്യോമയാനം മുതല്‍ ഓട്ടോമൊബൈല്‍സ് വരെ വിശാലമായി രീതിയില്‍ വ്യാപിച്ച്‌ കിടക്കുന്ന ടാറ്റാ ഗ്രൂപ്പിന്റെ പുതിയ തലവനായി ആരെ പരിഗണിക്കണമെന്നത് പ്രധാനപ്പെട്ട കാര്യം തന്നെയായിരുന്നു. നോയല്‍ ടാറ്റയെ പുതിയ ചെയർമാനായി നിയമിച്ചാല്‍ അത് 2023 സാമ്പത്തിക വർഷത്തില്‍ 56 മില്യണ്‍ ഡോളർ (470 കോടി) രൂപ ജീവകാരുണ്യപ്രവർത്തനത്തിനായി നല്‍കിയ കുടുംബത്തിലെ അംഗം ഭരിക്കും എന്ന നിലയിലെത്തും.

ആരാണ് നോയല്‍ ടാറ്റ

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ടാറ്റ സാമ്രാജ്യത്തിന്റെ ടാറ്റ ഇന്റർനാഷണല്‍ ലിമിറ്റഡിന്റെ ചെയർമാനായും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് നോയല്‍ ടാറ്റ. ടാറ്റ ഗ്രൂപ്പില്‍ പല സ്ഥാനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായിയാണ് നോയല്‍ ടാറ്റ.

ട്രെൻഡ്, വോള്‍ട്ടാസ്, ടാറ്റാ ഇൻവെസ്റ്റ്‌മെന്റ് കോർപറേഷൻ എന്നീ സ്ഥാപനങ്ങളിലെ ചെയർമാനായും ടാറ്റ സ്റ്റീല്‍, ടൈറ്റാൻ കമ്പനി ലിമിറ്റഡ് എന്നീ കമ്പനികളില്‍ വൈസ് ചെയർമാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നിലവില്‍ ടാറ്റ ഇന്റർനാഷണല്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ്. ഇതിന്റെ വളർച്ചയില്‍ നിർണായക ഘടകമായി മാറിയതും നോയല്‍ ടാറ്റയായിരുന്നു.

2010 ഓഗസ്റ്റ് മുതല്‍ 2021 നവംബർ വരെയുളള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ കന്മനിക്ക് 500 മില്യണ്‍ ഡോളറില്‍ നിന്നും മൂന്ന് ബില്യണ്‍ ഡോളറിന്റെ കുതിപ്പാണ് സംഭവിച്ചത്. ട്രെൻഡ് ലിമിറ്റഡിന്റെ വളർച്ചയിലും നോയല്‍ ടാറ്റയുടെ പങ്കാളിത്തം വലുതായിരുന്നു. 1998ല്‍ വെറും ഒരു സ്റ്റോറില്‍ ആരംഭിച്ച ട്രെൻഡിന് നിലവില്‍ 700 സ്‌റ്റോറുകളാണ് സ്വന്തമായുളളത്. ഈ വളർച്ചയില്‍ മാനേജിംഗ് ഡയറക്ടർ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം വലുതായിരുന്നു.