ഡൽഹി: ഐപിഎല്ലിലെ ഭാവി സംബന്ധിച്ച് വീണ്ടും ആരാധകർക്കിടയില്‍ ആശങ്ക പടർത്തുന്ന പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി.
പഞ്ചാബ് കിങ്സിന് എതിരായ മത്സരത്തില്‍ ടോസിന്റെ സമയമാണ് ഐപിഎല്ലില്‍ തുടരുന്നതിനെ കുറിച്ച് ധോണിയുടെ പ്രതികരണം വന്നത്.
പഞ്ചാബ് കിങ്സിന് എതിരെ ചെന്നൈക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ടതിന് പിന്നാലെ അവതാരകനും ന്യൂസിലൻഡ് മുൻ താരവുമായ ഡാനി മോറിസനിന്റെ ചോദ്യം എത്തി. അടുത്ത ഐപിഎല്‍ സീസണ്‍ കളിക്കാൻ എത്തുമോ എന്നായിരുന്നു ചോദ്യം.
അവതാരകന്റെ ചോദ്യം കേട്ട് ചെപ്പോക്കിലെ ഗ്യാലറി ഇളകി മറിഞ്ഞു. ഈ സമയം തന്റെ സ്വതസിദ്ധമായ ചിരിയോടെ ധോണി മറുപടി പറഞ്ഞത് ഇങ്ങനെ, “അടുത്ത മത്സരം കളിക്കാൻ ഞാൻ എത്തുമോ എന്ന് അറിയില്ല.” ധോണിയുടെ ഈ മറുപടി ഗ്യാലറിയില്‍ ഉണ്ടായിരുന്ന ആരാധകരുടേയും ലോകം മുഴുവനുമുള്ള ധോണിയുടെ ആരാധകരുടേയും നെഞ്ചിടിപ്പ് കൂട്ടി.
