കോട്ടയം: നീറിക്കാട് മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും പൊലീസ് അറസ്റ്റുചെയ്തു. ഭർത്താവായ നീറിക്കാട് സ്വദേശി ജിമ്മി, പിതാവ് തോമസ് എന്നിവരെ ഏറ്റുമാനൂർ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു പിന്നാലെ അറസ്റ്റുചെയ്യുകയായിരുന്നു.
ആത്മഹത്യ പ്രേരണാക്കുറ്റം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ചോദ്യംചെയ്യലിൽ ആത്മഹത്യ പ്രേരണാക്കുറ്റവും ഗാർഹിക പീഡനവും വ്യക്തമാക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിസ്മോൾ പിതാവിന് അയച്ച ഫോൺ ശബ്ദരേഖയടക്കം തെളിവായി കണക്കിലെടുത്താണ് നടപടി.
മരിച്ച ജിസ്മോളുടെ കുടുംബം ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 15നാണ് മുൻ പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോൾ തോമസ് (34), മക്കളായ നോഹ(5), നോറ(2) എന്നിവരെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവം.
വീട്ടിലെ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ജിസ്മോൾ രണ്ടുമക്കളെയും കൂട്ടി പള്ളിക്കുന്ന് കടവിലെത്തി മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. പുഴയിൽ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകിയെത്തുന്നനിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടത്.
തുടർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാവിലെ വീട്ടിൽവെച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷംനൽകിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്മോൾ, ഇത് പരാജയപ്പെട്ടതോടെ സ്കൂട്ടറിലാണ് പള്ളിക്കുന്ന് കടവിലെത്തിയത്.
ഇവരുടെ സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടനിലയിൽ കണ്ടെത്തിയിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റാണ് ജിസ്മോൾ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവർത്തിച്ചുവരികയായിരുന്നു.
