ഇന്ദ്രജിത്ത് പൊലീസ് വേഷത്തില്‍; ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ‘ധീരം’ ഒരുങ്ങുന്നു; പൂജയും സ്വിച്ച്‌ ഓണും നടന്നു

കൊച്ചി: മലയാളത്തില്‍ മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുകയാണ്.

ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ‘ധീരം’ നവാഗതനായ ജിതിന്‍ സുരേഷാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച്‌ ഓണ്‍ കര്‍മ്മവും കോഴിക്കോട് നടന്നു.

ബുധനാഴ്ച മുതല്‍ കോഴിക്കോട്, കുട്ടിക്കാനം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുക.
റെമൊ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സൗഗന്ദ് എസ്.യു ആണ്. ക്യാപ്റ്റന്‍ മില്ലര്‍, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍ ആണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍. അദ്ദേഹം മലയാളത്തില്‍ ആദ്യമായി പ്രവര്‍ത്തിക്കുന്ന ചിത്രമാണിത്. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതം ഒരുക്കുന്നത്.