ചോറ് കഴിക്കുകയും വേണം, എന്നാല്‍ തടി കൂടാനും പാടില്ല; ഇതാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഈ ടിപ്‌സ് മനസില്‍ വച്ചോളൂ

കോട്ടയം: ലോകത്തിന്റെ ഏത് കോണിലേക്ക് പോയാലും ചോറുണ്ണാതെ ജീവിക്കാന്‍ പറ്റാത്തവരാണ് മലയാളികള്‍. മറ്റെന്ത് കിട്ടിയാലും വീട്ടിലെ ഒരു പിടി ചോറുണ്ണുന്ന തൃപ്തി ഒന്ന് വേറെ തന്നെയെന്നാകും മിക്കവരുടേയും അഭിപ്രായം.

എന്നാല്‍ പ്രമേഹമുള്ളവരും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ആദ്യം ഒഴിവാക്കാന്‍ പോകുന്നത് അന്നജം കൂടുതലുള്ള ചോറായിരിക്കും. മലയാളികള്‍ക്ക് ചോറ് ഒഴിവാക്കുക അത്ര എളുപ്പമല്ല. ചോറ് കഴിക്കുകയും വേണം എന്നാല്‍ വണ്ണം വയ്ക്കുകയും അരുത് അതിനായി ചോറ് എങ്ങനെ കഴിക്കണമെന്ന് നോക്കാം.

ഈ ടിപ്‌സ് മനസില്‍ വയ്ച്ചു കൊണ്ട് എപ്പോള്‍ വേണമെങ്കിലും ചോറുണ്ണാം;

ചോറ് പൂര്‍ണമായി ഒഴിവാക്കാന്‍ ശ്രമിക്കരുത്. അതിന്റെ അളവ് കുറയ്ക്കുകയും കറികളുടെ അളവ് കൂട്ടുകയും ചെയ്യാം.

നന്നായി വെള്ളമൊഴിച്ച്‌ വേവിച്ച ശേഷം സ്റ്റാര്‍ച്ച്‌ ഊറ്റിക്കളഞ്ഞ ചോര്‍ തന്നെ കഴിക്കുക. അധികം ചോറ് വെന്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. എണ്ണയോ നെയ്യോ കൂടുതലായി ഉപയോഗിച്ചുണ്ടാക്കുന്ന ഫ്രൈഡ് റൈസ് പോലുള്ളവ ഒഴിവാക്കി വെറും ചോര്‍ കഴിക്കുക

നിങ്ങളുടെ ചോറിന്റെ പ്ലേറ്റില്‍ ഒരു ഭാഗത്ത് പച്ചക്കറികളും മറ്റൊരു ഭാഗത്തിന്റെ പകുതി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുക. നാലിലൊന്ന് ഭാഗത്ത് മാത്രം ചോറെടുക്കുക.

ചോറുണ്ണുന്നതിന് മുന്‍പ് തന്നെ കറികള്‍ കഴിച്ചുതുടങ്ങാം. പരമാവധി നാരുള്ള പച്ചക്കറികള്‍ പകുതി വേവിച്ച്‌ ചോറുണ്ണതിന് മുന്‍പ് കഴിക്കുക. ശേഷം ചോറുണ്ണുക. ഇത് ഗ്രൂക്കോസ് സ്‌പൈക്ക് കുറയ്ക്കാന്‍ സഹായിക്കും.