കൊച്ചി: മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹൻലാൽ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് ഉണ്ടായിരുന്നത് .
അമ്മ അദ്ധ്യക്ഷ സ്ഥാനത്ത് മോഹന്‍ലാലിന് ഇത് മൂന്നാം ഊഴമാണ്. അതേസമയം, അമ്മ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും എന്ന് ഉറപ്പായിരിക്കുകയാണ്.
സിദ്ദിക്ക്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ.
രണ്ട് പതിറ്റാണ്ടിലധികമായി ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഇടവേള ബാബു ഇത്തവണ ഭാരവാഹിയാകാൻ ഇല്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജൂൺ 30 ന് ആണ് അമ്മയുടെ വാർഷിക ജനറൽ ബോഡിയും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കുന്നത്.
അന്ന് സ്ഥാനം ഒഴിയുമെന്നാണ് ഇടവേള ബാബു തന്നെ പ്രതികരിച്ചത്. അധികാര ദുർവിനിയോഗം ചെയ്യാത്തയാൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്നും ബാബു പറഞ്ഞിരുന്നു.
‘ഇനി ചിലപ്പോൾ ജോലിയായിട്ട് കരുതേണ്ടി വരും. അതിന് മുമ്പ് മാറാനാണ് തീരുമാനം. പുതിയ ആൾക്കാർ വരേണ്ട സമയമായി. പുതിയ ചിന്തകൾ വരണം. ഒരുപാട് അധികാരങ്ങളുള്ള പോസ്‌റ്റാണ് ജനറൽ സെക്രട്ടറിയുടേത്.
അതൊന്നും ദുരുപയോഗം ചെയ്യാത്തയാൾ വരണമെന്നാണ് ആഗ്രഹം.ഞാനില്ലെങ്കിൽ ലാലേട്ടൻ പിന്മാറുമെന്ന രീതിയിലാണ് നിന്നിരുന്നത്. കൂട്ടായി എടുത്ത ചർച്ചയിൽ അദ്ദേഹം ആ തീരുമാനം മാറ്റുകയായിരുന്നു. സംഘടനയിലെ ആളുകൾക്ക് രാഷ്‌ട്രീയം വന്നപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്. മുമ്പ് ആർക്കും രാഷ്‌ട്രീയമില്ലായിരുന്നു.
