ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തിന് തൊട്ടടുത്ത് ഇന്ത്യക്ക് അടിപതറി; ഭാരപരിശോധനയിൽ പരാജയം, സ്വര്‍ണ പ്രതീക്ഷയുമായി ഫൈനലിലെത്തിയ വിനേഷ് ഫോഗട്ട് അയോഗ്യയായി

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി വെള്ളിമെഡൽ ഉറപ്പാക്കി. സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയായി.

അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരിക്കുന്നത്‌.

മൂന്നാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഫോഗട്ട് ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.

ബുധനാഴ്ച രാവിലെ നടന്ന ഭാരപരിശോധനയില്‍ അനുവദനീയമായതിനേക്കാൾ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ പരിശീലകന്‍ അറിയിച്ചു.

ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നിരിക്കുന്നത്.