ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണാഭരണങ്ങളുമായി മുക്കുപണ്ട മാഫിയ; കെണിയിൽപ്പെടുത്തുന്നത് സാമ്പത്തിക പ്രതിസന്ധിയുള്ളവരെ; തട്ടിപ്പ് ചെറിയ അളവില്‍ സ്വർണം പൂശിയ ആഭരണങ്ങള്‍ പണയം വെച്ച്…!

കൊല്ലം: ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണാഭരണങ്ങളുമായി ജില്ലയില്‍ മുക്കുപണ്ട മാഫിയ സജീവമാകുന്നു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ കരുക്കളാക്കിയാണ് മുക്കുപണ്ട മാഫിയ തട്ടിപ്പ് കൊഴുപ്പിക്കുന്നത്.
ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വയ്ക്കാനുള്ള മുക്കുപണ്ടത്തിനൊപ്പം സമർപ്പിക്കാനുള്ള വ്യാജ തിരിച്ചറിയല്‍ കാർഡുകളും മുക്കുപണ്ട മാഫിയ തയ്യാറാക്കിക്കൊടുക്കുകയാണ്.

പുറമേ ചെറിയ അളവില്‍ സ്വർണം പൂശിയ ആഭരണങ്ങള്‍ പണയം വച്ചാണ് തട്ടിപ്പ്. ഏഴ് ഗ്രാം ചെമ്പ് കൊണ്ട് നി‌ർമ്മിക്കുന്ന ആഭരണത്തിന് പുറമേ മൂന്ന് ഗ്രാം സ്വർണം പൂശും. ഇവ പണയം വച്ച്‌ പത്ത് ഗ്രാം സ്വർണത്തിന്റെ വിലയുടെ എണ്‍പത് ശതമാനം വായ്പയായി വാങ്ങും.

പുറമേ നേരിയ അളവില്‍ സ്വർണം പൊതിയുന്നതിനാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉരച്ച്‌ നോക്കി പൂർണമായും സ്വർണമാണോയെന്ന് ഉറപ്പിക്കാനാകില്ല. പണയമായി കൊണ്ടുവരുന്ന ഉരുപ്പടി മുറിച്ചുനോക്കാനാകില്ല. ഗ്ലാസിന് മുകളിലിട്ട് ശബ്ദം നോക്കിയും ഭാരവും വലിപ്പവും തമ്മില്‍ താരതമ്യം ചെയ്തുമൊക്കെയാണ് ഏകദേശം ഉറപ്പിക്കുന്നത്.

മുക്കുപണ്ട തട്ടിപ്പുകാർക്ക് നിലവില്‍ കാര്യമായ ശിക്ഷയില്ല. ഇവർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം പ്രതികളില്‍ നിന്ന് ഈടാക്കുന്ന തരത്തില്‍ മണി ലെൻഡേഴ്സ് ആക്ടില്‍ ഭേദഗതി കൊണ്ടുവരുമെന്ന് സർക്കാർ പലതവണ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.