മലപ്പുറം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി.
മലപ്പുറം കാട്ടുമുണ്ട സ്വദേശി ജിഷാദിനെതിരെയാണ് വിസ തട്ടിപ്പ് ആരോപിച്ച് 23 യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. വിദേശത്തെ ഒരു കമ്പനിയില്‍ ഒഴിവുണ്ടെന്ന പേരിലാണ് ജിഷാദ് സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയത്.
തുടർന്നാണ് യുവാക്കള്‍ ജോലിക്കായി ഇയാളെ സമീപിച്ചത്. ജോലിക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് ജിഷാദ് യുവാക്കളെ വിശ്വസിപ്പിക്കുകയായിരുന്നു. അഭിമുഖവും നടത്തിയില്ല.
പിന്നാലെ വിസ പ്രൊസസിംഗ് ആരംഭിച്ചുവെന്ന് ബോധിപ്പിച്ച് യുവാക്കളില്‍ നിന്നും ജിഷാദ് പണം വാങ്ങി. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ 23 യുവാക്കളാണ് മലപ്പുറം എസ്‌പിക്ക് പരാതി നല്‍കിയത്.
ഇവരെക്കൂടാതെ നൂറോളം പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ജോലി ഉറപ്പാണെന്ന വാക്ക് വിശ്വസിച്ചാണ് പണം നല്‍കിയതെന്ന് തട്ടിപ്പിനിരയായ മുഹമ്മദലി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
