ശക്തമായ നിലയില്‍ നിന്ന് കൂട്ടത്തകര്‍ച്ച; പാകിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യ; വിജയലക്ഷ്യം 242 റണ്‍സ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 241 റണ്‍സിന് പുറത്ത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയത പാകിസ്ഥാന്‍ 33 ഓവറില്‍ രണ്ടിന് 151 എന്ന ശക്തമായ നിലയില്‍ നിന്നാണ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്. കുല്‍ദീപ് യാദവിന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരാണ് ചെറിയ സ്‌കോറില്‍ പാകിസ്ഥാനെ പിടിച്ചുനിര്‍ത്തിയത്.

അനായാസം 280ന് മുകളിലേക്ക് പോകുമെന്ന തോന്നിച്ചിടത്ത് നിന്നാണ് പാക് ബാറ്റര്‍മാര്‍ ആയുധം വച്ച്‌ കീഴടങ്ങിയത്.
ശ്രദ്ധയോടെയാണ് ഓപ്പണര്‍മാരായ ബാബര്‍ അസം 23(26), ഇമാം ഉള്‍ ഹഖ് 10(26) സഖ്യം ഇന്നിംഗ്‌സ് തുടങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ഒൻപതാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ബാബര്‍ തൊട്ടടുത്ത പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്‌ നല്‍കി മടങ്ങി.

തൊട്ടടുത്ത ഓവറില്‍ ഇമാം ഉള്‍ ഹഖ് റണ്ണൗട്ടായി. അക്‌സര്‍ പട്ടേലിന്റെ മിന്നല്‍ ത്രോയാണ് ഹഖിനെ പവിലിയണിലേക്ക് മടക്കിയയച്ചത്. മൂന്നാം വിക്കറ്റില്‍ സൗദ് ഷക്കീല്‍ 62(76) – ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ 46(77) സഖ്യം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു.