ഗുരുവായൂര്‍ ക്ഷേത്രത്തിൽ പള്ളിയില്‍ നിന്ന് കദളിക്കുല നിവേദ്യം; നഗരസഭ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂക്കോട്, തൈക്കാട്, ഗുരുവായൂര്‍ കൃഷിഭവൻ പരിധികളിലെ കൃഷിക്കൂട്ടങ്ങള്‍ ആരംഭിച്ച കദളിവാഴ കൃഷി വൻ വിജയം.

 

സ്വന്തം ലേഖകൻ

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിവേദ്യങ്ങള്‍ക്കും മറ്റും ആവശ്യമുള്ള പഴങ്ങള്‍ ഗുരുവായൂര്‍ പ്രദേശത്തുതന്നെ വിളയിച്ചെടുക്കുക അതിലൂടെ ഈ പ്രദേശത്തെ കര്‍ഷകരുടെ കാര്‍ഷികാദായം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെ ആരംഭിച്ചതാണ് കദളീവനം പദ്ധതി. വിളവെടുപ്പിന് സമയമായതോടെ കദളിപ്പഴങ്ങള്‍ സംഭരിക്കാൻ ഗുരുവായൂര്‍ ദേവസ്വം നടപടികള്‍ തുടങ്ങി. തങ്ങളുടെ വിളയ്ക്ക് മികച്ച വില ലഭിക്കുന്നതിലും അത് ഗുരുവായൂര്‍ ക്ഷേത്രാവശ്യത്തിലേക്കാണ് കൊണ്ടുപോകുന്നതിലും വലിയ സന്തോഷത്തിലാണ് കദളി കര്‍ഷകര്‍.

 

നഗരസഭ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂക്കോട്, തൈക്കാട്, ഗുരുവായൂര്‍ കൃഷിഭവൻ പരിധികളിലെ കൃഷിക്കൂട്ടങ്ങള്‍ ആരംഭിച്ച കദളിവാഴ കൃഷി വൻ വിജയം.

 

പദ്ധതിയുടെ മുൻസിപ്പല്‍ തല വിളവെടുപ്പ് ഉദ്ഘാടനം സെൻറ് തോമസ് പള്ളി അങ്കണത്തില്‍ വെച്ച്‌ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാൻ എം കൃഷ്ണദാസ് നിര്‍വഹിച്ചു. വിളവെടുപ്പിലെ ആദ്യത്തെ കദളിക്കുല ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ ഡോക്ടര്‍ വിജയന് സെൻറ് തോമസ് പള്ളി വികാരി ഫാ: ജെയിംസ് ഇഞ്ചോടിക്കാരൻ സമ്മാനിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു.

 

ആദ്യ പദ്ധതി വിജയിച്ചതോടെ തുടര്‍ വര്‍ഷങ്ങളിലും കദളിവനം പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് ഗുരുവായൂര്‍ നഗരസഭ.. ജനകീയ ആസൂത്രണം 2022 -23 വാര്‍ഷിക പദ്ധതിയില്‍ മൂന്നുലക്ഷം രൂപ വകയിരുത്തി, 15 ക്ലസ്റ്ററുകളില്‍ 1000 കദളി വാഴ തൈകളാണ് കൃഷി ചെയ്തത്. ഈ വര്‍ഷവും പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്. പള്ളി അങ്കണത്തില്‍ നടന്ന വിളവെടുപ്പ് ചടങ്ങില്‍ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ എ എം എഷഫീര്‍, സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ബിന്ദു അജിത് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷില്‍വ ജോഷി, കെ പി റഷീദ് , രഹിത പ്രസാദ്, അജിത ദിനേശൻ ,അജിത അജിത്, കൃഷി ഓഫീസര്‍മാരായ ശശീന്ദ്ര എം, രജീന വി സി എന്നിവര്‍ പങ്കെടുത്തു.