ക്രിസ്തുമസ് അവധിയില്‍ അയ്യനെ കാണാൻ ഓടിയെത്തി കുരുന്നുകള്‍; ശബരിമലയിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവെന്ന് കണക്കുകള്‍

പത്തനംതിട്ട: ക്രിസ്തുമസ് അവധിക്ക് സ്കൂള്‍ അടച്ചപ്പോള്‍ അയ്യനെ കാണാൻ മാള കയറി കുരുന്നുകള്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശബരിമലയിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വൻ വർദ്ധനവെന്ന് റിപ്പോർട്ട്. ഡിസംബർ 18 മുതല്‍ 22 വരെയുള്ള അഞ്ചുദിവസം കൊണ്ട് ഇരുപത്തിയാറായിരത്തിലേറെ കുട്ടികള്‍ സന്നിധാനത്ത് എത്തിയെന്നാണ് പോലീസിന്റെ ഏകദേശ കണക്ക്.

ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെത്തിയത് ഡിസംബർ 19നാണ്-7138 പേർ. ഡിസംബർ 20ന് 6618 കുട്ടികളും 18ന് 5337 കുട്ടികളും എത്തി എന്നാണ് കണക്ക്.

ഈ ദിവസങ്ങളെ അപേക്ഷിച്ചു തിരക്ക് കുറഞ്ഞ ഡിസംബർ 21, 22 തിയതികളില്‍ 3985, 3665 എന്നിങ്ങനെയാണ് കുട്ടികളുടെ വരവ്. തിരക്ക് വീണ്ടും കൂടിയ ഇന്നലത്തെ കണക്ക് പ്രകാരവും (ഡിസംബർ 23) കുട്ടികളുടെ വൻതോതിലുള്ള ഒഴുക്കാണ് കാണുന്നത്.

ക്രിസ്മസ് അവധിയ്ക്കായി സ്‌കൂളുകള്‍ അടച്ചതോടെ കുഞ്ഞ് അയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും അയ്യനെ കാണാൻ മല കയറുന്നത്.