‘പൈസാ എടുക്കടാ’..! സ്റ്റീല്‍ വള കൊണ്ട് നെഞ്ചിലിടിച്ച്‌ മാരകമായി പരിക്കേല്‍പ്പിച്ചു; തട്ടുകടക്കാരനെ ആക്രമിച്ച്‌ പണം കവര്‍ന്ന് മുങ്ങിയ ഗുണ്ടാനേതാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: നെടുമങ്ങാട് പഴകുറ്റിയില്‍ തട്ടുകട നടത്തുന്ന യുവാവിനെ മാരകമായി പരിക്കേല്‍പ്പിച്ച്‌ പണം കവർന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടി.

വിതുര സ്വദേശികളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ മൂന്നംഗ സംഘത്തെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബോണക്കാട് സ്വദേശി വിജയ് (26), വിതുര സ്വദേശി ഗോകുല്‍ ഗോപി (21), തൊളിക്കോട് സ്വദേശി പ്രശാന്ത്(22) എന്നിവരയൊണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ നാലാം തീയതി രാത്രി പത്തരയോടെയാണ് സംഭവം. പഴകുറ്റിയില്‍ ‘ശിവാസ് ഫാസ്റ്റ് ഫുഡ്’ എന്ന പേരില്‍ ഉന്തുവണ്ടിയില്‍ തട്ടുകട നടത്തുന്ന തമിഴ്നാട് സ്വദേശി ശിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കാറിലെത്തിയ സംഘം പൈസാ എടുക്കടാ എന്ന് ആക്രോശിച്ച്‌ ശിവയെ അസഭ്യം വിളിക്കുകയായിരുന്നു. തന്‍റെ പെട്ടിയിലെ പണം എടുക്കുന്നത് തടയാൻ ശ്രമിച്ച ശിവയെ പ്രതികള്‍ കയ്യിലുണ്ടായിരുന്ന സ്റ്റീല്‍ വള കൊണ്ട് നെഞ്ചിലിടിച്ച്‌ മാരകമായി പരിക്കേല്‍പ്പിച്ചു.

തുടർന്ന് കൗണ്ടറില്‍ ഇരുന്ന അയ്യായിരത്തോളം രൂപയുമായി സംഘം കടന്നുകളയുകയായിരുന്നു. സംഭവത്തിന് പിന്നാലെ ശിവ നല്‍കിയ പരാതിയില്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം തൊളിക്കോട് ഭാഗത്ത് വെച്ചാണ് ഇവരെ പൊലീസ് സംഘം വലയിലാക്കിയത്.