ബ്രൗസിങ്ങിന് ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോ

കോട്ടയം: ഗൂഗിള്‍ ക്രോം ബ്രൗസറുകള്‍ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സർക്കാർ. കമ്പ്യൂട്ടറുകളിലെ ഗൂഗിള്‍ ക്രോമിലെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച്‌ ഇന്ത്യൻ കമ്ബ്യൂട്ടർ എമർജൻസി റെസ്‌പോണ്‍സ് ടീമാണ് (സെർട്ട്-ഇൻ) മുന്നറിയിപ്പ് നല്‍കിയത്.

ക്രോമിന്റെ പഴയ പതിപ്പുകളില്‍ ഹാക്കർമാർക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് ഡേറ്റകള്‍ ഹാക്ക് ചെയ്യാൻ കഴിയുന്നുവെന്നാണ് സെർട്ട്-ഇൻ പറയുന്നത്. ഇത്തരം സൈബർ ഭീഷണികളില്‍ നിന്ന് ഡേറ്റ സുരക്ഷിതമാക്കാൻ ബ്രൗസർ അപ്ഡേറ്റ് ചെയ്യാൻ നിർദേശിക്കുകയും ചെയ്തു.

ഗൂഗിള്‍ ക്രോമിന്റെ പഴയ പതിപ്പുകളില്‍ നേരത്തെയും സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഹാക്കർമാർക്ക് ക്രോമിലെ ചില ന്യൂനതകള്‍ ഉപയോഗപ്പെടുത്തി കമ്പ്യൂട്ടറുകളെ വിദൂരത്ത് നിന്ന് നിയന്ത്രിക്കാനും അവയിലെ ഡേറ്റ ആക്‌സസ് ചെയ്യാനും വിവരങ്ങള്‍ മാറ്റാനും ബ്രൗസർ ക്രാഷ് ചെയ്യാനും ഉപയോഗ ശൂന്യമാക്കാനും കഴിയുമെന്ന് സെർട്ട്-ഇൻ വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അപ്‌ഡേറ്റുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അവർ അറിയിച്ചു.