‘ചില കുട്ടികളില്‍ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടുന്നു’; കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ പരാതി; അമ്മു എഴുതിയ കുറിപ്പ് പുറത്തുവിട്ട് കുടുംബം

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്‍റെ മരണത്തില്‍ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

പ്രഫസർ സജി കേസിലെ പ്രതികളായ വിദ്യാർത്ഥിനികള്‍ക്കൊപ്പം ചേർന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഹോസ്റ്റല്‍ മുറിയില്‍ അമ്മു എഴുതി വച്ചിരുന്ന കുറിപ്പും കുടുംബം പുറത്തുവിട്ടു.

ഹോസ്റ്റലിലെ അമ്മുവിൻ്റെ വസ്തുവകകളില്‍ നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. ചില കുട്ടികളില്‍ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടുന്നു എന്നാണ് കുറിപ്പിലുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട ഡിവൈഎസ്പിക്കാണ് അമ്മു സജീവിന്‍റെ അച്ഛൻ പുതിയ പരാതി നല്‍കിയത്. അമ്മു മരിച്ച ദിവസവും കോളേജില്‍ വെച്ച്‌ മാനസിക പീഡനത്തിന് ഇരയായെന്നാണ് ആക്ഷേപം.

കേസില്‍ അധ്യാപകനായ സജിയെ കൂടി പ്രതിചേർക്കണമെന്നാണ് ആവശ്യം. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അധ്യാപകൻ വിശദീകരിച്ചു.

അമ്മു സജീവ് വീണു മരിച്ച പത്തനംതിട്ട വെട്ടിപ്രത്തെ ഹോസ്റ്റലില്‍ എത്തി പുസ്തകങ്ങളും മറ്റ് സാധനങ്ങളും പൊലീസ് സാന്നിധ്യത്തില്‍ അച്ഛൻ ഏറ്റുവാങ്ങി. ഇതില്‍ നിന്നാണ് അമ്മു എഴുതിവച്ചിരുന്ന ഒരു കുറിപ്പ് കുടുംബത്തിന് കിട്ടിയത്. ചില കുട്ടികളില്‍ നിന്ന് പരിഹാസവും മാനസിക പീഡനവും നേരിടേണ്ടിവന്നു എന്ന രണ്ടുവരി കുറിപ്പാണ് കുടുംബം പുറത്തുവിട്ടത്.