ഏറെ സമയം കമ്പ്യൂട്ടറിന്റെയും, ടെലിവിഷന്റെയും, മൊബൈല്‍ ഫോണിന്റെയുമൊക്കെ മുന്നില്‍ സമയം ചെലവഴിക്കുന്ന വ്യക്തിയാണോ നിങ്ങൾ? കണ്ണിന്റെ പ്രയാസവും തളര്‍ച്ചയും അകറ്റാൻ ഈ വ്യായാമങ്ങള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ

കോട്ടയം: നമ്മുടെ ശരീരത്തില്‍ ഏറ്റവും സജീവമായ അവയവങ്ങളില്‍ ഒന്നാണല്ലോ കണ്ണ്. അതിനാല്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഏറെയാണ്.

പ്രത്യേകിച്ച്‌ നിങ്ങള്‍ ഏറെ സമയം കമ്പ്യൂട്ടറിന്റെയും, ടെലിവിഷന്റെയും, മൊബൈല്‍ ഫോണിന്റെയുമൊക്കെ മുന്നില്‍ സമയം ചെലവഴിക്കുന്ന വ്യക്തിയാണെങ്കില്‍ കുറച്ചധികം കരുതല്‍ കണ്ണിന് നല്‍കണം. അതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് വ്യായാമം വളരെ അത്യാവശ്യമാണ്. കണ്ണിനുണ്ടാകുന്ന ആയാസവും തളർച്ചയും മാറ്റി കണ്ണിന്റെ പേശികളുടെ ശക്തി കൂട്ടാൻ ചില പ്രത്യേക വ്യായാമങ്ങള്‍ സഹായിക്കും അവ ഏതൊക്കെയാണെന്ന് നോക്കിയാലോ?

വ്യായാമങ്ങള്‍

1. കൃഷ്ണമണികള്‍ ചലപ്പിച്ചു കൊണ്ടുള്ള വ്യായാമം നല്ലതാണ്. ഇതിനായി, കൃഷ്ണമണികള്‍ മുകളിലേയ്ക്കും താഴേയ്ക്കും 10 പ്രാവശ്യം ചലിപ്പിക്കാം. ഇരുവശങ്ങളിലേയ്ക്കും 10 പ്രാവശ്യം ചലിപ്പിക്കണം.

2. പേന കൈ അകലത്തില്‍ നീട്ടിപ്പിടിച്ച്‌ അതിന്റെ മുകള്‍ ഭാഗത്തു ദൃഷ്ടി ഉറപ്പിച്ചു മുകളിലേയ്ക്കും താഴേയ്ക്കും വശങ്ങളിലേയ്ക്കും ചലപ്പിച്ചു കൊണ്ടു മേല്‍പറഞ്ഞ വ്യായാമം ചെയ്യാം. 10 പ്രാവശ്യം ചെയ്യണം.

3. അകലെയുള്ള ഒരു വസ്തുവിനെ നോക്കുക. തുടർന്നു മൂക്കിന്റെ അഗ്രഭാഗത്തു നോക്കുക. ഇതു 10 പ്രാവശ്യം ആവർത്തിക്കാം.

4. കസേരയില്‍ ഇരിക്കുക. ആയാസപ്പെടാതെ, കണ്ണിനു നേരെ കൈ കൊണ്ടുവരാൻ പാകത്തിനു കസേര കയ്യില്‍ കുഷ്യൻ വയ്ക്കുക. രണ്ടു കൈ കൊണ്ടും കണ്ണ് മൂടിപ്പിടിക്കുക. അമർത്തരുത്. കട്ടപിടിച്ച ഇരുട്ടു സങ്കല്‍പിച്ചു കൊണ്ടു സാവകാശം ശ്വാസോച്ഛ്വാസം ചെയ്യുക. അഞ്ചു മിനിട്ടു വീതം ദിവസവും രണ്ടു മൂന്നു പ്രാവശ്യം ചെയ്യാം.

5. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കുക. ചുറ്റുമുള്ള ഓരോ വസ്തുവിനെയും പ്രത്യേകം ശ്രദ്ധിക്കുക. രണ്ടു മിനിട്ട് ഇങ്ങനെ ചെയ്യുന്നതു കണ്ണിലെ പേശികളുടെ വഴക്കം കൂട്ടും. 6. കണ്ണിനു വരള്‍ച്ച അനുഭവപ്പെടുന്നവർ ഇടയ്ക്കിടയ്ക്കു കണ്ണു ചിമ്മുക.

7. കംപ്യൂട്ടർ ഉപയോഗിക്കുന്നവർ കണ്ണില്‍ നിന്നും 20 ഇഞ്ച് അലകത്തില്‍ കംപ്യൂട്ടർ വയ്ക്കുക. ദിവസവും 20 അടി അകലെയുള്ള വസ്തുവിലേയ്ക്കു 20 സെക്കന്റ് നോക്കുക. ഇത് ഓരോ 20 മിനിട്ടിലും ആവർത്തിക്കണം.