മുംബൈ: ഇനി ദൂരയാത്രയ്ക്ക് ട്രെയിനില്‍ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നതിനൊപ്പം സ്വന്തം കാര്‍ കൂടി കൊണ്ടു പോകാന്‍ കഴിഞ്ഞാലോ?
വിനോദ യാത്ര പോകുന്ന സ്ഥലത്ത് ട്രെയിനിറങ്ങി സ്വന്തം കാറില്‍ തന്നെ സ്ഥലങ്ങള്‍ കാണാന്‍ കഴിഞ്ഞാല്‍ അത് അടിപൊളിയായിരിക്കില്ലേ? നീണ്ട യാത്രയുടെ ക്ഷീണവും ഉണ്ടാകില്ല. അങ്ങനെയൊരു പുത്തന്‍ സംവിധാനമാണ് കൊങ്കണ്‍ റെയില്‍വേ യാത്രക്കാര്‍ക്കായി ഒരുക്കുന്നത്.
മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള റൂട്ടിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കുന്നത്. യാത്രാ സമയം, ഇന്ധനം എന്നിവ ലാഭിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. പ്രത്യേകിച്ച്, മഴക്കാലത്ത് അപകടങ്ങള്‍ ഒഴിവാക്കി സുരക്ഷിതവും സുഖകരവുമായ യാത്ര വാഗ്ദാനം ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
കാറുകളും എസ്യുവികളും പോലുള്ള സ്വകാര്യ യാത്രാ വാഹനങ്ങളാണ് ട്രെയിനുകളില്‍ കൊണ്ടു പോകാന്‍ അനുവദിക്കുന്നത്. പദ്ധതി ഉടന്‍ അവതരിപ്പിക്കാനാണ് കൊങ്കണ്‍ റെയില്‍വേ പദ്ധതിയിടുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഗണപതി ഉത്സവ സീസണില്‍ തന്നെ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
