എടപ്പാള്‍: ഭാരവാഹന ലൈസൻസ് നേടാൻ ഉള്ളിലൊരു മോഹമുണ്ടോ? എടപ്പാളിലേക്കു വരുക. ആനവണ്ടിയില്‍ പരിശീലിക്കാം.
വർഷങ്ങളോളം വണ്ടിയോടിച്ച് പരിചയസമ്പന്നരായ സാരഥികള്‍ അതിന്റെ രസതന്ത്രം പരിചയപ്പെടുത്തും.
കൈയിലൊതുക്കേണ്ടതെങ്ങനെയെന്ന് പതുക്കെ പകർന്നുതരും. പിന്നെ വിദഗ്ധരാക്കും.
ഭാരവാഹനങ്ങളുടെ (ഹെവി വെഹിക്കിള്‍സ്) ശാസ്ത്രീയമായ ഡ്രൈവിങ് പരിശീലനത്തിന് സംവിധാനമൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി. ഫീസായി നല്‍കേണ്ടത് ഒൻപതിനായിരം രൂപ മാത്രം. എടപ്പാളിലുള്ള കെ.എസ്.ആർ.ടി.സി.യുടെ റീജണല്‍ വർക്ഷോപ്പിനു കീഴിലാണിത്.
പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11-ന് കെ.ടി. ജലീല്‍ എം.എല്‍.എ. നിർവഹിക്കും. പരിശീലനത്തിനായി കെ.എസ്.ആർ.ടി.സി.യുടെ ഒരു മിനി ബസും ഓഫീസായി ഇവിടത്തെ കോണ്‍ഫറൻസ് ഹാളും സജ്ജമാക്കിയിട്ടുണ്ട്.
