കോട്ടയം: ചുളിവുകള്‍, പാടുകള്‍, നേർത്ത വരകള്‍ തുടങ്ങി അകാല വാർധക്യത്തിൻ്റേതായ ലക്ഷണങ്ങള്‍ നിങ്ങളെ വല്ലാതെ അലട്ടന്നുണ്ടാകാം.
ചർമ്മത്തിൻ്റെ ഇലാസ്തികതയും സ്വാഭാവിക എണ്ണ മയവും നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് രണ്ട് ചേരുവകള്‍ മതിയാകും. അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. ഇത് സൗന്ദര്യപരിചരണത്തിനും ഉപയോഗിക്കാം. പ്രകൃതിദത്തമായ ബ്ലീച്ചിങ് സവിശേഷതകള്‍ വെളിച്ചെണ്ണയില്‍ ഉണ്ട്. അതിനാല്‍ കറുത്തപാടുകള്‍ മങ്ങുന്നതിന് സഹായിക്കും. കൂടാതെ ഇതിൻ്റെ ആൻ്റിഇൻഫ്ലമേറ്റി സവിശേഷതകള്‍ ചർമ്മത്തിലെ ചുവപ്പ് തടിപ്പ് എന്നിവയ്ക്ക് പരിഹാരമാണ്.
കൂടാതെ ഇത്രയും ഗുണങ്ങളുള്ള വെളിച്ചെണ്ണയോടൊപ്പം ഗ്ലിസറിൻ കൂടി ചേർത്താല്‍ ചർമ്മത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. മിക്ക ചർമ്മ പരിചരണ ഉത്പന്നങ്ങളിലും കാണപ്പെടുന്ന പ്രധാന ചേരുവകളില്‍ ഒന്നാണ് ഗ്ലിസറിൻ. അത് നിങ്ങളുടെ ചർമ്മത്തെ ശരിയായ രീതിയില്‍ കണ്ടീഷൻ ചെയ്യുന്നു. ഗ്ലിസറിൻ്റെ കുറഞ്ഞ തന്മാത്ര മൂല്യം ചർമ്മത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിന് ഗുണകരമാകും. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ ഏറെ കരുതല്‍ വേണം. 3 മുതല്‍ 20 ശതമാനം അളവില്‍ മാത്രമേ ചർമ്മത്തിനായി ഉപയോഗിക്കാവൂ.
വെളിച്ചെണ്ണയിലേയ്ക്ക് ഏതാനും തുള്ളി ഗ്ലിസറിൻ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പഞ്ഞി ഇതില്‍ മുക്കി മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്ബ് ഇത് ചെയ്യുന്നതാണ് ഉചിതം.
സെൻസിറ്റീവ് ചർമ്മം ഉള്ളവർ ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശമില്ലാതെ ഇത്തരം ചേരുവകള്‍ ചർമ്മത്തില്‍ ഉപയോഗിക്കാൻ പാടില്ല. ആദ്യമായി ഉപയോഗിക്കുമ്പോള്‍ പാച്ച് ടെസ്റ്റ് ചെയ്ത് അലർജി ഇല്ലെന്ന് ഉറപ്പാക്കാം.
