കൊച്ചി : പരേഡ് ഗ്രൗണ്ടിനേക്കാള്‍ വലുപ്പമുള്ള വെളി മൈതാനത്തും പാപ്പാഞ്ഞിയെ കത്തിച്ചാല്‍ തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് വാദം.എന്നാല്‍, സുരക്ഷ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അനുമതി നല്‍കാനാകില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണറും,കെ ജെ മാക്സി എംഎല്‍എ യും പ്രതികരിച്ചു.കൊച്ചിയിലെങ്ങും ആഭ്യന്തര വിദേശ സഞ്ചാരികളാണിപ്പോള്‍.
ഫോര്‍ട്ട് കൊച്ചിയിലേക്കും ജനം ഒഴുകി തുടങ്ങി.പാപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സരത്തെ വരവേല്‍ക്കാൻ കൊച്ചിൻ കാര്‍ണിവലിന്റെ നേതൃത്വത്തില്‍ പരേഡ് ഗ്രൗണ്ടും തയ്യാറായിട്ടുണ്ട്.പ്രാദേശിക കൂട്ടായ്മയില്‍ വെളി മൈതാനത്തും പാപ്പാഞ്ഞി ഒരുങ്ങിയെങ്കിലും പരേഡ് ഗ്രൗണ്ടില്‍ മാത്രം പാപ്പാഞ്ഞിയെ കത്തിച്ചുള്ള ആഘോഷം മതിയെന്ന് ആര്‍ഡിഒ പറഞ്ഞതോടെയാണ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചത്.
പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് ഒരുക്കിയിരിക്കുന്ന പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബെനഡിക്ട് പറഞ്ഞു. ആര്‍ഡിഒ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല. എല്ലാ സര്‍ക്കാര്‍ അനുമതിയും നേടിയാണ് ഒരുക്കങ്ങള്‍ നടത്തിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബനഡിക്റ്റ് വ്യക്തമാക്കി.
നാട്ടുകാരുടെ ഭാഗം കേള്‍ക്കാതെ ആണ് ഉത്തരവ് എന്നും കൗണ്‍സിലര്‍ പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ അനുമതി നല്കി തിരക്ക് നിയന്ത്രിക്കണമെന്ന് കൊച്ചി കോര്പ്പറേഷൻ പ്രതിപക്ഷ നേതാവും പ്രതികരിച്ചു.എന്നാല്‍, വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കില്ലെന്ന് കെ ജെ മാക്സി എംഎല്‍എ പറഞ്ഞു. പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന്പൊലീസ്അറിയിച്ചിട്ടുണ്ട്.
അതിനാലാണ് കത്തിക്കാൻ അനുമതി നിഷേധിച്ചതെന്നും എംഎല്‍എ പറഞ്ഞു. സുരക്ഷ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇത് അനുവദക്കാൻ ആകില്ലെന്ന് കൊച്ചി പൊലീസും എംഎല്‍എ യും നിലപാട് സ്വീകരിച്ചതോടെ തുടര്‍നടപടികള്‍ എന്താകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
കൂടുതല്‍ ഇടങ്ങളില്‍ പപ്പാഞ്ഞിയെ കത്തിച്ചാല്‍ സുരക്ഷ പ്രശ്നമുണ്ടാകുമെന്നും അതിനാലാണ് വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കാത്തതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ പറഞ്ഞു.
പുതുവത്സരാഘോഷത്തിന്റെ ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിസിപി,13 ഡിവൈഎസ്പിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഫോര്ട്ട്കൊച്ചിയില്സുരക്ഷയൊരുക്കും.1000 പൊലീസുകാര്‍ ഫോര്‍ട്ട്കൊച്ചിയില്‍ മാത്രമുണ്ടാകും.നഗരത്തില്‍ ആകെ 2000 ഓളം പൊലീസുകാര്‍ സുരക്ഷയൊരുക്കും.
