ബിബിഎ വിദ്യാർഥികളുടെ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബികോം വിഭാഗത്തിലെ അധ്യാപകർ; കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്; വിദ്യാർഥിനി നൽകിയ പരാതിയിൽ മനുഷ്യവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ് നടന്നതായി കണ്ടെത്തി. 2024 ൽ നടന്ന ബി ബി എ രണ്ടാം സെമസ്റ്റർ പരീക്ഷ പേപ്പർ മൂല്യനിർണയത്തിലാണ് ക്രമക്കേട്.

ബി ബി എ വിദ്യാർഥികളുടെ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബി കോം വിഭാഗത്തിലെ അധ്യാപകരെന്നാണ് കണ്ടെത്തൽ. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ രാജപുരം സെന്റ് പയസ് കോളജിലെ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്.

2024 ൽ നടന്ന ബിബിഎ രണ്ടാം സെമസ്റ്റർ ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് പരീക്ഷയുടെ ഫലം വന്നതോടെ രാജപുരം കോളജിലെ ബിബിഎ വിദ്യാർഥിനി നൗഷിബ നസ്‌റിന് നാൽപ്പതിൽ അഞ്ചു മാർക്ക് ലഭിച്ചു. പഠനത്തിൽ മികച്ചു നിന്നിരുന്ന വിദ്യാർഥിനി ഇതോടെ മാനസിക സംഘർഷത്തിൽ ആയി .

പുനർമൂല്യനിർണയത്തിന് നൽകിയതോടെ പരീക്ഷാഫലം നാൽപ്പതിൽ 34 ആയി മാറി. ഇതോടെയാണ് വിദ്യാർഥിനി സർവകലാശാലയ്ക്ക് പരാതി നൽകിയത്. സർവകലാശാലയുടെ അന്വേഷണത്തിൽ ബി ബി എ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബികോം വിഭാഗത്തിലെ അധ്യാപകരാണെന്ന് കണ്ടെത്തി.

അതേസമയം, വിദ്യാർഥിനി നൽകിയ പരാതിയിൽ മനുഷ്യവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. വിദ്യാർഥിനി പരീക്ഷ എഴുതിയ കോളജിൽ നിന്ന് ഉത്തര പേപ്പറുകൾ മാറിപ്പോയതാകാം എന്നാണ് സർവകലാശാല മനുഷ്യാവകാശ കമ്മീഷന് നൽകിയ വിശദീകരണം. 2024 ൽ പരീക്ഷ എഴുതിയ മറ്റൊരു വിദ്യാർഥിനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. അന്വേഷണം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.