കോട്ടയം: ഒരു കപ്പ് ചായക്കൊപ്പം നല്ല മൊരിഞ്ഞ പക്കുവടയോ സമൂസയോ പഴംപൊരിയോ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരുണ്ട്? അലസ സായാഹ്നങ്ങളെ ഊർജസ്വലമാക്കാനും ഇത് നല്ലൊരു വഴിയാണ്.
അതിനെല്ലാം പുറമെ, കേരളത്തിലെ വീടുകളിലെ പ്രിയതരമായ പാരമ്പര്യവുമാണിത്.
ഇനി, ഇതിന്റെ മറുവശം കൂടി അറിയേണ്ടേ? എണ്ണയില്‍ പൊരിച്ച ഭക്ഷണം അനാരോഗ്യകരമാണെന്ന് ഇതിനകം തന്നെ മുന്നറിയിപ്പുണ്ട്.
എന്നാല്‍ ചായയോടൊപ്പം എണ്ണക്കടികള്‍ കഴിക്കുന്നത് ദഹനത്തെയും പോഷക ആഗിരണത്തെയും കൂടുതല്‍ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചായയില്‍ ടാനിനുകളും ഓക്സലേറ്റുകളും ഉണ്ട്. ഈ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണ സ്രോതസ്സുകള്‍ക്കൊപ്പം എണ്ണക്കടികള്‍ കഴിക്കുമ്പോള്‍ ഇത് ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളുടെ ആഗിരണം കുറക്കുന്നു.
കൂടാതെ, ആവർത്തിച്ച് ചൂടാക്കിയ എണ്ണകളില്‍ വറുത്തെടുത്തവ കഴിക്കുന്നത് ട്രാൻസ് ഫാറ്റി ആസിഡുകളുടെ ഉത്പാദനത്തിലേക്ക് നയിക്കുമെന്നും പറയുന്നു.
ഇതുപോലെ ചായയുമായുള്ള മറ്റെന്തെങ്കിലും ജോഡികള്‍ ഒഴിവാക്കേണ്ടതുണ്ടോ? ബിസ്കറ്റുകളും കുക്കികളും ചായക്കൊപ്പം പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഇവയില്‍ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
ചായയുമായി നന്നായി ഇണങ്ങുന്ന മറ്റൊരു ജനപ്രിയ ലഘുഭക്ഷണമാണ് സമൂസ. ഇതില്‍ കൊഴുപ്പ് കൂടുതലാണ്. ബ്രെഡ് പോലുള്ള മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങളും ചായക്കൊപ്പം കഴിക്കുന്നത് നല്ലതല്ല. കാരണം അവയില്‍ സോഡിയം, പഞ്ചസാര, പൂരിത ഫാറ്റി ആസിഡുകള്‍ എന്നിവ ഏറെയുണ്ട്.
