എറണാകുളം : മഹാരാജാസ് കോളജ് അടച്ചു. കത്തിക്കുത്തില്‍ 15 പേര്‍ക്കെതിരെ കേസ് പ്രിൻസിപ്പലിന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കോളജ് അടച്ചിടാൻ തീരുമാനിച്ചത്.
അതേസമയം നാസര്‍ അബ്ദുള്‍ റഹ്മാനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. വിദ്യാര്‍ഥിനി അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സംഭവത്തില്‍ പ്രതികളായവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ ഒന്നിന് കോളജ് കാമ്ബസില്‍ വച്ചായിരുന്നു സംഭവം. കൈയിലും കാലിലും വയറിലും പരിക്കേറ്റ നാസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമല്‍, ബിലാല്‍ എന്നീ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. മൂവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാസര്‍ അബ്ദുല്‍ റഹ്മാന്‍റെ പരാതിയില്‍ ഒരു കേസും വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ബഹളം വയ്ക്കുകയും ഡോക്ടറുടെ ജോലി തടസപ്പെടുത്തുകയും ചെയ്തതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. കോളജിലെ നാടക പരിശീലനത്തിനുശേഷം ഹോസ്റ്റലിലേക്ക് മടങ്ങുമ്ബോഴാണ് നാസര്‍ അബ്ദുള്‍ റഹ്മാനെ അക്രമി സംഘം മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് എസ്‌എഫ്‌ഐ പറയുന്നു. കഴിഞ്ഞ 15 മുതല്‍ കോളജില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് പ്രാഥമിക നിഗമനം.
