സൈബർ തട്ടിപ്പ്: തട്ടിപ്പ് സംഘങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് കോട്ടയം ജില്ലാ സൈബർ സെൽ തിരിച്ചു പിടിച്ചത് ഒരു കോടി രൂപ; തട്ടിപ്പിനിരയായവർക്കു പണം കൈമാറാനുള്ള നടപടി തുടങ്ങി

കോട്ടയം: സൈബർ തട്ടിപ്പ് സംഘങ്ങളുടെ അക്കൗണ്ടുകളിൽ നിന്നു ജില്ലാ സൈബർ സെൽ തിരിച്ചു പിടിച്ചത് ഒരു കോടി രൂപ. തട്ടിപ്പിനിരയായവർക്കു പണം കൈമാറാനുള്ള നടപടി തുടങ്ങി. സൈബർ പൊലീസിൻ്റെ ഭാഷയിൽ ‘പുട്ട് ഓൺ ഹോൾഡ്’ എന്നാണു പണം തിരിച്ചെടുത്ത നടപടിക്കു പറയുന്നത്.

തട്ടിപ്പ് നടന്നു എന്ന പരാതി ലഭിക്കുന്ന സമയം തന്നെ സൈബർ സെൽ ഇടപെട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ ബാങ്ക് മുഖേന മരവിപ്പിക്കും. തുടർന്ന് ഈ പണം പരാതിക്കാർക്കു തിരികെ ലഭിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കും. പണം നഷ്‌ടപ്പെട്ടതായി സൈബർ സെല്ലിൽ ലഭിച്ച പരാതികളിൽ 60 ശതമാനവും തിരികെ കണ്ടെത്തി നൽകിയെന്നു സൈബർ സെൽ എസ്എച്ച്ഒ വി.ആർ. ജഗദീഷ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണു സൈബർ സെല്ലിൻ്റെ പ്രവർത്തനം. കുമരകം, അയ്മ‌നം പഞ്ചായത്ത് ജനപ്രതിനിധികൾ, എൻസിസി, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്‌ഥർ, നഗരസഭാ ജീവനക്കാർ, പിഎസ്‌സി ഓഫിസ് ജീവനക്കാർ എന്നിവർക്കു സൈബർ തട്ടിപ്പിനെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി.

പൊലീസ് ഉദ്യോഗസ്ഥ‌രായ ജോബിൻ ജയിംസ്, ഷൈൻ കുമാർ, റോഷ്ന എൽഷാദ് എന്നിവരാണു ക്ലാസ് നൽകുന്നത്. സ്‌കൂൾ, കോളജ്, പഞ്ചായത്തുകൾ, സംഘടനകൾ എന്നിവയ്ക്ക് ക്ലാസുകൾ നൽകാനുള്ള ക്രമീകരണവും സൈബർ സെൽ ഒരുക്കിയിട്ടുണ്ട്. ഫോൺ: 9497976002.