തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയില്‍. വേനല്‍ചൂട് കനക്കുന്നതിനിടയില്‍ ഇന്നലെയാണ് റെക്കോർഡുകള്‍ തിരുത്തിയുള്ള വൈദ്യുതി ഉപയോഗം ഉണ്ടായത്.
വൈദ്യുതി ഉപഭോഗം ഇന്നലെ (25.03.26) 5,802 മെഗാവാട്ടിലെത്തി. 2024 മെയ് 2 ലെ 5,797 മെഗാവാട്ട് വൈദ്യുതി ഉപഭോഗം എന്ന റെക്കോഡാണ് ഇന്നലെ ഭേദിച്ചത്.
എന്നാല്‍ വമ്പിച്ച വൈദ്യുതി ഉപയോഗം ഉണ്ടായിരുന്നിട്ടും വൈദ്യുതി വിതരണത്തില്‍ ഒരു നിമിഷം പോലും മുടക്കം സംഭവിക്കില്ലെന്നു ഉറപ്പു വരുത്താൻ സാധിച്ചുവെന്ന് കെ എസ് ഇ ബി അറിയിച്ചു.
വൈദ്യുതി ഉപഭോഗം വർധിക്കുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി ബോർഡിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
വരും ദിവസങ്ങളില്‍ വൈദ്യുതി ഉപഭോഗം കൂടിയാലും ഉപഭോക്താക്കള്‍ക്ക് യാതൊരു തടസ്സവും കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് കഴിയുമെന്നും യോഗം വിലയിരുത്തി.
