മുസ്ലിം ലീഗ് നേതാവ് യു പ്രതിഭയ്‌ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം; ഇര്‍ഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ എംഎൽഎക്ക് എതിരെ അധിക്ഷേപ പരാമർശം നടത്തിയ യുഡിഎഫ് നേതാവിനെ ചോദ്യം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇർഷാദ് ചക്കാലശേരിയെയാണ് ഇന്നലെ രാത്രി സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.യു പ്രതിഭ ഇന്നലെ കായംകുളം പോലീസ് സ്റ്റേഷനില്‍ നേരിട്ടത്തി നല്‍കിയ പരാതിക്ക് പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചുവയുള്ള ഉള്ളടക്കം നവമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.

കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരുന്നു മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിറ്റിംഗ് എംഎല്‍എയായ പ്രതിഭയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിനിടെയാണ് അധിക്ഷേപകരമായ പ്രസ്താവന. വാക്ചാതുര്യവും ശരീരത്തിന്റെ അഴകും വില്‍പ്പനയ്ക്കു വച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യു പ്രതിഭ എന്നായിരുന്നു പരാമര്‍ശം.