കുമാരനല്ലൂരിൽ നിന്ന് തിരുവോണത്തോണിയുടെ അകമ്പടിത്തോണി സെപ്റ്റംബർ 12ന് ആറന്മുളയ്ക്കു യാത്രയാകും; തിരുവോണനാളായ 15നു പുലർച്ചെ ആറന്മുള മധുകടവിൽ തോണിയെത്തും

കോട്ടയം: ആചാരത്തനിമയുടെ നിറവിൽ കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തുനിന്ന് എം.എൻ.അനുപ് നാരായണ ഭട്ടതിരി സെപ്റ്റംബർ 12ന് ആറന്മുളയ്ക്കു യാത്ര തിരിക്കും. തിരുവോണത്തോണിയുടെ അകമ്പടിത്തോണിയായ ചുരുളൻ വള്ളത്തിൽ 12നു 11.30നാണ് യാത്ര.

ഇവിടെനിന്നു കാട്ടൂർക്കടവിൽ വരെ ചുരുഉൻവള്ളത്തിലാണ് എത്തുന്നത്. പിന്നീട് തിരുവോണത്തോണിയിലാണു യാത്ര. കുമാരനല്ലൂരിൽനിന്നുള്ള വള്ളം അകമ്പടിത്തോണിയാകും. തിരുവോണനാളായ 15നു പുലർച്ചെ ആറന്മുള മധുകടവിൽ തോണിയെത്തും.

തിരുവോണത്തോണിയിൽ എത്തിക്കുന്ന വിഭവങ്ങൾകൂടി ചേർത്താണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ തിരു വോണസദ്യ. ക്ഷേത്രത്തിൽ അത്താഴപ്പൂജ വരെ ഭട്ടതിരിയുടെ കാർമികത്വം ഉണ്ടാകും.

വേമ്പനാട്ടുകായലും 3 പ്രധാന

നദികളും ചെറുതോടുകളും താണ്ടിയെത്തുന്ന തോണിയാത്രയ്ക്ക് തെക്കൻകേരളത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ മു ഖ്യസ്ഥാനമാണുള്ളത്.

മാറ്റമില്ലാതെ പാരമ്പര്യവഴി

കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തിനു പാരമ്പര്യവഴിയിൽ കിട്ടിയതാണ് ഈ അവകാശം അനൂപിൻ്റെ അച്‌ഛൻ എം.ആർ.നാരായണ ഭട്ടതിരി തിരുവോണത്തോണി യാത്രയ്ക്ക് 2 പതിറ്റാണ്ട് നേതൃത്വം നൽകി. 2020 ൽ അദ്ദേഹത്തിന്റെ മരണത്തോടെ നിയോഗം ഇളയ സഹോദരൻ ബാബു ഭട്ടതിരി ഏറ്റെടുത്തു. ഇത്തവണ ഈ ചുമതല അനൂപിനാണ്.

ഐതിഹ്യം ഇങ്ങനെ

ആറന്മുളയപ്പന്റെ ദേശവഴിയായ കാട്ടൂരിലെ താമസക്കാരായിരുന്നു മങ്ങാട്ട് കുടുംബം. തിരുവോണനാളിൽ ഇല്ലത്തെ മുതിർന്ന ഭട്ടതിരി ബ്രാഹ്‌മണർക്കു കാൽ കഴുകിച്ചൂട്ട് നടത്തിയിരുന്നു. ഒരു വർഷം കാൽകഴുകിച്ചൂട്ടിന് ആരും എത്തിയില്ല. ദുഃഖിതനായ ഭട്ടതിരി തിരുവാറന്മുളയപ്പനെ പ്രാർഥിച്ചു. അൽപസമയത്തിനുശേഷം ഒരുബ്രാഹമണൻ ഭട്ടതിരിയുടെ ഇല്ലത്തെത്തി. ബ്രാഹ്മണനു കാൽകഴുകിച്ചൂട്ടു നടത്തി.

അന്നു രാത്രി ഭട്ടതിരിക്ക് സ്വപ്ന ദർശനമുണ്ടായി – “ഇല്ലത്തെത്തിയത് ബ്രാഹ്മണനല്ല, തിരുവാറന്മുളയപ്പനാണ്. ഇനി മു തൽ തിരുവോണത്തിന് വിഭവങ്ങൾ ആറന്മുളയിൽ എത്തിച്ചാൽ മതി.’ അങ്ങനെയാണ് കാട്ടൂരിൽനിന്ന് തോണിയിൽ വിഭവങ്ങൾ എത്തിച്ചുതുടങ്ങിയത്. പിന്നീട് മങ്ങാട്ട് കുടുംബം കാട്ടൂരിൽനിന്നു കുമാരനല്ലൂരിലേക്കു താമസം മാറ്റിയെങ്കിലും ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തിയില്ല.