കോട്ടയം: സ്കൂളില്‍ നിന്ന് ചോക്ലേറ്റ് കഴിച്ച നാലുവയസുകാരൻ അബോധാവസ്ഥയിലായി ആശുപത്രിയില്‍ ചികിത്സതേടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്.
വിദഗ്ദ്ധ പരിശോധനയില്‍ ശരീരത്തില്‍ ലഹരി പദാർത്ഥത്തിന്റെ അംശം കണ്ടെത്തിയെങ്കിലും ഇത് ചോക്ലേറ്റില്‍ കൂടിയാണോ ശരീരത്തില്‍ എത്തിയതെന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണത്തിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്കും, കളക്ടർക്കും പരാതി നല്‍കിയിരുന്നു.
യുകെജി വിദ്യാർത്ഥിയായ മണർകാട് സ്വദേശിയാണ് ആശുപത്രിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സ്കൂള്‍ വിട്ടുവന്നയുടൻ കിടന്ന കുട്ടി എണീക്കാത്തതിനെ തുടർന്ന് വടവാതൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
