തടികൊണ്ട് വാളുണ്ടാക്കി കേക്ക് മുറിച്ച സംഭവത്തിൽ പോലീസിന്റെ തലവേദനയൊഴിഞ്ഞു, അത് വടിവാളല്ല തടിവാൾ, സിപിഎം പ്രാദേശിക നേതാവിന് ക്ലീന്‍ ചിറ്റ് നല്‍കി പോലീസ്

പത്തനംതിട്ട: വടിവാള്‍ കൊണ്ട് കേക്ക് മുറിച്ചു യുവാവ് പിറന്നാൾ ആഘോഷിച്ചതോടെ പോലീസിന് തലവേദനയായിരുന്നു. യുവാവ് തന്റെ പിറന്നാൾ കേക്ക് വാൾ ഉപയോ​ഗിച്ച് മുറിക്കുന്ന ദൃശ്യങ്ങൾ നിമിഷനേരംകൊണ്ടാണ് സോഷ്യൽമീഡിയയിൽ വൈറലായത്. ഇതോടെയാണ് പോലീസിന് തലവേദനയായത്.

ദൃശ്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ വാള്‍ തടികൊണ്ട് ഉള്ളതാണെന്ന് കണ്ടെത്തി. കുളനട പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പുന്നക്കുന്ന് ആല്‍ത്തറപ്പാട് അജീഷ് ഭവനില്‍ അജീഷാണ് തൊട്ടടുത്ത കമ്മ്യൂണിറ്റി സെന്റര്‍ വാടകയ്ക്ക് എടുത്ത് കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ചത്.

വടിവാള്‍ കൊണ്ട് കേക്ക് മുറിക്കുന്നതും ആള്‍ക്കാര്‍ ഭക്ഷണം കഴിക്കുന്നതിനിടയിലൂടെ വാള്‍ വീശി അജീഷ് നടക്കുന്നതും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ഇന്റലിജന്‍സ് വിവരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇലവുംതിട്ട പോലിസ് അജീഷിനെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ആഘോഷത്തിന് ഉപയോഗിച്ച വടിവാള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, അത് യഥാര്‍ഥ വടിവാളല്ലെന്നും നാടകത്തിന് വേണ്ടി നിര്‍മിച്ച തടി കൊണ്ടുള്ള വാളാണെന്നും അജീഷ് അറിയിച്ചു. തുടര്‍ന്ന് തടി കൊണ്ടുള്ള വാള്‍ സ്‌റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു.

അന്വേഷണത്തില്‍ അത് യഥാര്‍ഥ വടിവാളല്ലെന്നാണ് പോലീസ് പറയുന്നത്. പിന്നാലെ യുവാക്കളെ താക്കീത് നല്‍കി വിട്ടയച്ചു. സി.പി എമ്മിന്റെ പ്രാദേശിക നേതാവും പന്തളത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ് അജീഷ്.

അജിഷിനെതിരേ പന്തളം സ്‌റ്റേഷനില്‍ അഞ്ചും ഇലവുംതിട്ടയിലും വെച്ചൂച്ചിറയിലുമായി ഒരോ കേസുകളുമുണ്ട്. കഞ്ചാവ് വില്‍പന, വധശ്രമം, മര്‍ദനം, സംഘം ചേര്‍ന്ന് ആക്രമണം അടക്കമുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണ്. സംഭവത്തില്‍ അജീഷിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ് പോലീസ്.