ട്രോളി ബാഗുകളിലാക്കി 57 കിലോ കഞ്ചാവ് കടത്താൻ ശ്രമം; ഒഡിഷയില്‍ നിന്നും കഞ്ചാവുമായി എത്തിയ ഏഴംഗ സംഘം അറസ്റ്റില്‍

കൊച്ചി: ഒഡീഷയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ മാഫിയസംഘം പിടിയില്‍.

ഒഡീഷയിലെ കഞ്ചാവ് മൊത്ത കച്ചവട സംഘമാണ് കളമശേരിയില്‍ പിടിയിലായത്.
ഏഴംഗ സംഘമാണ് അറസ്റ്റിലായത്.

ഇവരുടെ കൈവശമുണ്ടായിരുന്ന ഏഴ് ട്രോളി ബാഗുകളില്‍ നിന്നായി 57 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ജില്ലാ ഡാന്‍സാഫ് ടീമാണ് റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ ഇവരെ കീഴ്ത്തിപ്പെടുത്തിയത്.

ഒഡീഷയിലെ കഞ്ചാവ് മാഫിയ അംഗമായ സുധീറ ബത്രയും സംഘാംഗങ്ങളുമാണ് പിടിയിലായത്. ട്രോളി ബാഗുകളില്‍ പ്ലാസ്റ്റിക്ക് പൊതികളില്‍ നിറച്ച രീതിയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഓരോ ട്രോളി ബാഗിലും 5 മുതല്‍ 7 വരെ പൊതികളാണ് ഉണ്ടായിരുന്നത്. നീല, പച്ച, കറുപ്പ് തുടങ്ങിയ നിറങ്ങളിലുള്ള ട്രോളി ബാഗുകളിലാണ് ഇവര്‍ കഞ്ചാവ് കടത്തിയത്.

പ്രതികളെ വൈകാതെ കോടതിയില്‍ ഹാജരാക്കും. ആര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത് എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്.