ആഴ്‌ചകള്‍ നീണ്ട ചൂടേറിയ പ്രചാരണ പരിപാടികള്‍ക്ക് സമാപനം; നാളെ പോളിംഗ് ബൂത്തിലേയ്ക്ക് പോകുന്ന വയനാട്ടും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം; ബൂത്ത് തലത്തിലെ സ്‌ക്വാഡ് വർക്കുകള്‍ ഇന്നും തുടരും

കല്‍പ്പറ്റ: വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം.

തിരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള തിടുക്കത്തിലാണ് സ്ഥാനാർത്ഥികള്‍. ബൂത്ത് തലത്തിലെ സ്‌ക്വാഡ് വർക്കുകള്‍ ഇന്നും തുടരും. മൂന്ന് മുന്നണികളുടെയും മൂന്നും നാലും സ്‌ക്വാഡുകള്‍ ഇതിനകം വോട്ടർമാരുടെ വീടുകളിലെത്തിക്കഴിഞ്ഞു.

സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും വോട്ടിംഗ് യന്ത്രങ്ങള്‍ പരിചയപ്പെടുത്തലും നടന്നു. പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് വോട്ടർ പട്ടികയുമായി വീടുകളിലെത്തി സ്ലിപ്പ് നല്‍കിയത്.

ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞതിനാല്‍ പുറമെ നിന്നുള്ള നേതാക്കളെല്ലാം മടങ്ങി. മൂന്നു മുന്നണികളും ആവേശത്തിന്റെ അലകള്‍ തീർത്താണ് ആഴ്ചകളായുള്ള പ്രചാരണത്തിന് സമാപനം കുറിച്ചത്.

പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്‌ സ്ഥാനാർത്ഥികളുടെ റോഡ് ഷോയും ശബ്ദ പ്രചാരണത്തിന്റെ സമാപന ദിവസം ആവേശം പകർന്നു.