കുറഞ്ഞ വിലയ്ക്ക് ഡോളർ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് പണം തട്ടി; ഒളിവില്‍ കഴിയുന്നതിനിടെ പ്രതി പിടിയില്‍

മലപ്പുറം: കുറഞ്ഞ വിലയ്ക്ക് ഡോളർ’ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍.

കോഴിക്കോട് പേരാമ്പ്ര സ്വദേശി ജുനൈദിനെയാണ് (28) തമിഴ്നാട് അതിർത്തിയില്‍ വെച്ച്‌ കോട്ടയ്ക്കല്‍ പോലീസ് പിടികൂടിയത്.

ഇടുക്കിയിലെ ഒളിത്താവളത്തില്‍ പോലീസ് എത്തിയപ്പോള്‍ പ്രതി തമിഴ്‌നാട് ഭാഗത്തേക്കുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നെടുങ്കണ്ടം പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.

ഇയാള്‍ക്കെതിരെ കളവ്, കൊലപാതക ശ്രമം ഉള്‍പ്പെടെ മറ്റ് കേസുകളുമുണ്ടെന്ന് പോലീസ് അറിയിച്ചു. കേസില്‍ നേരത്തെ മുഖ്യസൂത്രധാരൻ അറസ്റ്റിലായിരുന്നു.