നടപടി ഇനി വൈകിയേക്കില്ല…! എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളില്‍ ഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് സംസ്ഥാന സർക്കാരിന് കൈമാറും.

കഴിഞ്ഞ ദിവസം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിലുണ്ടായ കാലതാമസമാണ് റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിന് കാരണമെന്നാണ് സൂചന.

എംആർ അജിത് കുമാർ ഉന്നത ആർഎസ്‌എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ച സംബന്ധിച്ച്‌ എഡിജിപിയെ തള്ളിയും മറ്റു വീഴ്ച്ചകളില്‍ എഡിജിപിയെ താങ്ങിയുമാകും ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

എംആർ അജിത് കുമാർ രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാല്‍ മാമി തിരോധാനമടക്കം അൻവർ ഉന്നയിച്ച കേസുകളില്‍ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തല്‍ റിപ്പോർട്ടിലുണ്ടാകില്ലെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലും അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് ഘടകക്ഷിയായ സിപിഐ സ്വീകരിച്ചത്. വിവാദ നായകൻ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുണ്ടായി.