കോട്ടയം: ജില്ലാ ട്രഷറിയിൽ പെൻഷൻ വാങ്ങാനെത്തിയവർ ബുദ്ധിമുട്ടി. ജില്ലാ ട്രഷറിയിലെ ഹാൾ അടച്ചുകെട്ടിയതാണു പെൻഷൻ വാങ്ങാനെത്തിയവർക്കു കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയത്. ഒരു ഘട്ടത്തിൽ ട്രഷറിയുടെ ഉള്ളിലേക്ക് പ്രവേശിക്കാൻ തന്നെ ഇടപാടുകാർ പാടുപെട്ടു.
കൗണ്ടറിന് മുമ്പിൽ തന്നെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെയും ട്രഷറിയിലെ ഒരു ഉദ്യോഗസ്ഥന്റെയും ഇരിപ്പിടം. വയോജനങ്ങൾ കൂടുതലായി എത്തുന്ന ട്രഷറിയിലെ പുതിയ പരിഷ്കാരം വലിയ അസൗകര്യമാണെന്നു പെൻഷൻ വാങ്ങാനെത്തിയവർ പറഞ്ഞു.
ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനായാണ് (ഡിഡി ഓഫിസ്) ഹാൾ അടച്ചുകെട്ടിയത്. 4 ജില്ലകളിലായി 6 ജില്ലാ ട്രഷറികൾ കോട്ടയം ഡിഡിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
6 ജില്ലാ ട്രഷറികളുടെ കാര്യങ്ങൾ നോക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഓഫീസ് മാറ്റേണ്ടി വരുന്നതെന്ന് ട്രഷറി അധികൃതർ അറിയിച്ചു.
മാസത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രമേ തിരക്ക് ഉണ്ടാകുന്നുള്ളു എന്നും ഇടപാടുകാരുടെ ആശങ്കകൾ പരിഹരിക്കുമെന്നും പറഞ്ഞു.
