കോട്ടയം നഗരസഭയുടെ കണക്കുകളിൽ ഒരു ദിവസത്തെതന്നെ വരുമാനം 72 കോടി രൂപ; തുക തദ്ദേശവകുപ്പിന്റെ സോഫ്റ്റ്​വെയറിൽ വരവുവച്ചതായി കണ്ടെത്തി; വരവ് – ചെലവ് കണക്കിലെ പൊരുത്തക്കേട് കണ്ടെത്തിയത് നഗരസഭയിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ഫിനാൻസ് വിഭാഗം നടത്തിയ പരിശോധനയിൽ

കോട്ടയം: കേരളത്തിലെ ഒരു നഗരസഭയിലും ഒരു ദിവസം 172 കോടി രൂപ വരുമാനമുണ്ടാകില്ല. പക്ഷേ, കോട്ടയം നഗരസഭയുടെ കണക്കുകളിൽ അങ്ങനെയും ഒരദ്ഭുതം സംഭവിച്ചു. നഗരസഭയിൽ യഥാർത്ഥ കാഷ് ബുക്കിൽ ഉള്ളതിനെക്കാൾ കൂടിയതുക ഒരു ദിവസത്തെതന്നെ വരുമാനമായി തദ്ദേശവകുപ്പിന്റെ സോഫ്റ്റ്​വെയറിൽ വരവുവച്ചതായി കണ്ടെത്തി.

എന്നാൽ, ഈ തുക ബാങ്കിൽ വരവുവച്ചിട്ടുമില്ല. നഗരസഭയുടെ തനതു ഫണ്ടിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അക്കൗണ്ടിലേക്ക് സാംഖ്യ സോഫ്റ്റ് വെയർ പ്രകാരം 2023 ഒക്ടോബർ 18നു 172 കോടി രൂപ വരവ് രേഖപ്പെടുത്തി. എന്നാൽ, കളക്‌ഷൻ ബുക്കിലെ യഥാർത്ഥ കണക്കുപ്രകാരം ആ ദിവസത്തെ വരവ് 8.52 ലക്ഷം രൂപ മാത്രം.

തലേ ദിവസം ലഭിച്ച വരുമാനമാണ് ഇതെന്നാണ് റജിസ്റ്ററിൽ ഉള്ളത്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ 172 കോടി വരവുവച്ചിട്ടില്ല. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അക്കൗണ്ടിലേക്ക് ആകെ 174 കോടി വരവ് വച്ചിട്ടുണ്ട്. ഇതും സോഫ്റ്റ്‌വെയറിൽ മാത്രം. നഗരസഭയിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ഫിനാൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് വരവ് – ചെലവ് കണക്കിലെ പൊരുത്തക്കേട് സംബന്ധിച്ച കൂടുതൽ രേഖകൾ കണ്ടെത്തിയത്.

ഇന്റേണൽ വിജിലൻസ് നേരത്തെ നടത്തിയ അന്വേഷണത്തിൽ 211 കോടി രൂപ കാണാതായതായി കണ്ടെത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സാമ്പത്തിക വിദഗ്ധരുടെ സംഘം അന്വേഷിക്കണമെന്നു വിജിലൻസ് ശുപാർശയും ചെയ്തിരുന്നു. തുടർന്നു പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ സീനിയർ ഫിനാൻസ് ഓഫിസർ എം.ജി.പുഷ്പജയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘം വീണ്ടും പരിശോധന നടത്തി.

ഇല്ലാത്ത തുക നഗരസഭയിൽ വരവ് വയ്ക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നു ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി ബി.അനിൽ കുമാറിനു അന്വേഷണ സംഘം കുറിപ്പ് നൽകി. ഇതേ പോലെ എസ്ബിഐ ശാഖയിൽ 15.55 കോടിയും സാംഖ്യ സോഫ്റ്റ്​വെയർ വഴി വരവുവച്ചിട്ടുണ്ട്. ഇത് രസീതുകൾ വഴി വരവു വച്ചതായാണ് കണ്ടെത്തിയത്. ഇല്ലാത്ത തുകകൾക്ക് അക്കൗണ്ട്സിൽ രസീത് വഴി വരവ് രേഖപ്പെടുത്താൻ ഇടയായ സാഹചര്യവും വിവരിക്കണമെന്ന് അന്വേഷണ സംഘം കുറിപ്പ് നൽകിയിട്ടുണ്ട്.