മണവാളനും, ദശമൂലം ദാമുവും സ്രാങ്കും അടക്കം ഒരുപിടി കള്‍ട്ട് കഥാപാത്രങ്ങള്‍; 21-ാം നൂറ്റാണ്ടില്‍ മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സംവിധായകന്‍; കോമഡി ചെയ്യിപ്പിച്ച്‌ മമ്മൂട്ടിയുടെ വരെ ഇമേജ് മാറ്റി; കല്യാണരാമനും, പുലിവാല്‍കല്യാണവും, തൊമ്മനും മക്കളും, മായവിയും, മേരിക്കുണ്ടൊരു കുഞ്ഞാടും, ടു കണ്‍ട്രീസുമൊക്കെയായി തുടര്‍ച്ചയായി ഹിറ്റ് സിനിമകളുടെ റെക്കോര്‍ഡ്; ഹിറ്റ്മേക്കര്‍ ഷാഫി വിടവാങ്ങുമ്പോള്‍

കൊച്ചി: ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സംവിധായകന്‍.

ഡയറക്ടറും സക്രിപറ്റ് റൈറ്ററുമായ ഷാഫി അതീവ ഗുതുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയവെ ഫേസ്ബുക്കില്‍ വൈറലായത് വി സി അഭിലാഷ് എന്ന സംവിധായകന്റെ ഒരു കുറിപ്പായിരുന്നു.

അത് ഇങ്ങനെയായിരുന്നു-”തിരിച്ചു വരണമെന്ന് ഇതുപോലെ ആഗ്രഹിക്കുന്ന മറ്റൊരാളില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത് ജഗതിയോ സലീംകുമാറോ സുരാജോ പിഷാരടിയോ ബംബര്‍ ചിരിയോ ഒന്നുമല്ല. ഷാഫി എന്ന ചലച്ചിത്ര സംവിധായകനാണ്. സത്യമതാണ്. താണ്ണൂറുകളില്‍ ഇവിടെയുണ്ടായിരുന്ന തമാശകളുടെ തുടര്‍ച്ചയായി, ഈ നൂറ്റാണ്ടില്‍ ചിരി വിപ്ലവം തന്നെ സൃഷ്ടിച്ച പ്രതിഭയാണ് ഇയാള്‍. ഈ മനുഷ്യന്‍ വെട്ടിയൊരുക്കിയ മണ്ണിലാണ് സലീംകുമാറും സുരാജും ടെലിവിഷന്‍ സ്‌കിറ്റുകളുമൊക്കെ പയറ്റി തെളിഞ്ഞത്. ഇദ്ദേഹം കൂടി ഇല്ലായിരുന്നെങ്കില്‍ സുനാമിയും തീവ്രവാദവും യുദ്ധവും ഓഖിയും പ്രളയവും കോവിഡും മാത്രം നിറഞ്ഞ ദുരന്ത ശതകമാകുമായിരുന്നു ഈ നൂറ്റാണ്ട്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ. തിരിച്ച്‌ വരട്ടെ”.

പക്ഷേ കാത്തിരിക്കുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി, വെറും 56-ാമത്തെ വയസ്സില്‍ ഷാഫിയെന്ന സംവിധായക പ്രതിഭ വിടവാങ്ങി. കല്യാണരാമനും, പുലിവാല്‍കല്യാണവും, തൊമ്മനും മക്കളും, മായവിയും, മേരിക്കുണ്ടൊരു കുഞ്ഞാടും, ടു കണ്‍ട്രീസുമൊക്കെയായി അദ്ദേഹം സൃഷ്ടിച്ച സൂപ്പര്‍ ഹിറ്റ് സിനിമകളും, തമാശകളും മലയാളത്തിന് ബാക്കിവെച്ച്‌.

ജനുവരി 16നാണ് കടുത്ത തലവേദനയെ തുടര്‍ന്ന് ഷാഫി ചികിത്സ തേടിയത്. തുടര്‍ന്ന് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും, അടിയന്തര ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. അന്നുമുതല്‍ മലയാള സിനിമാക്കാരും ആസ്വാദകരും ഈ ഹിറ്റ്മേക്കറുടെ തിരിച്ചുവരവിനായി കാത്തിരിക്കയായിരുന്നു.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കഥ പറയാനും, പ്രേക്ഷക ഇഷ്ടം നേടിയെടുക്കാനും ഷാഫിയുടേതായ ടച്ച്‌ അദ്ദേഹത്തിന്റെ ഓരോ സിനിമകളിലുമുണ്ട്. പണത്തിനുവേണ്ടി വാരിക്കോരി സിനിമചെയ്യുന്ന പരിപാടി ഈ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ക്ക് ഉണ്ടായിരുന്നില്ല.

24 വര്‍ഷം നീണ്ട കരിയറില്‍ അദ്ദേഹം ആകെ 18 പടങ്ങളാണ് ചെയ്തത്. അതില്‍ പകുതിയിലേറെയും ഹിറ്റുകളായിരുന്നു.