ഹൈദരാബാദ്: നടൻ അല്ലു അർജുനെ റിമാന്റ് ചെയ്തു.
വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ താരത്തെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.
തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ നല്‍കിയ ഹർജിയില്‍ തെലുങ്കാന ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.
ഹർജി കോടതി പരിഗണിക്കുകയാണ്. ആവശ്യം തള്ളിയാല്‍ താരത്തെ ജയിലിലേക്ക് മാറ്റും. ചെഞ്ചല്‍ഗുഡ സബ് ജയിലിലേക്ക് താരത്തെ കൊണ്ടുവരിക. ഇവിടെ സുരക്ഷാനടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
പുഷ്പ 2 ന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിലാണ് അല്ലു അർജുനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ജൂബിലി ഹില്‍സിലുള്ള നടന്റ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്.
ഏറെ നാടകീയമായിട്ടായിരുന്നു നടപടി. വീട്ടിലെത്തി ധൃതിപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതില്‍ നടൻ അതൃപ്തി അറിയിച്ചെന്നാണ് വിവരം. കിടപ്പുമുറി വരെ വന്ന് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നോയെന്ന് നടൻ ചോദിച്ചു. നടന്റെ പിതാവ് അല്ലു അരവിന്ദും ഭാര്യ സ്നേഹയും പോലീസുമായി ചെറിയ തോതില്‍ വാക്കേറ്റത്തില്‍ ഏർപ്പെട്ടതായും റിപ്പോർട്ടുണ്ട്.
