യുവതി മരിച്ച വിവരം അല്ലു നേരത്തേ അറിഞ്ഞു; എന്നിട്ടും സിനിമ കാണുന്നത് തുടര്‍ന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുനെ വിടാതെ പോലീസ്.

അപകടമുണ്ടായ സന്ധ്യാ തിയേറ്ററിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. അല്ലു അർജുൻ വരുന്നതുവരെ തിരക്ക് നിയന്ത്രണത്തിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

അല്ലു അർജുന്റെ സുരക്ഷാ ജീവനക്കാരാണ് പ്രശ്നമുണ്ടാക്കിയതെന്നും ദൃശ്യങ്ങള്‍ സഹിതം പോലീസ് അറിയിച്ചു.
ജയിലില്‍ നിന്ന് ഇറങ്ങിയശേഷമുള്ള അല്ലു അർജുന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് പോലീസ് ഇപ്പോള്‍ പുഷ്പ 2 റിലീസ് ചെയ്ത സന്ധ്യാ തിയേറ്ററില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

റോഡ് ഷോ നടത്തിയില്ലെന്ന അല്ലു അർജുന്റെ വാദങ്ങള്‍ പൊളിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. യുവതി മരിച്ച വിവരം താരം തിയേറ്ററിനകത്തുവെച്ചുതന്നെ അറിഞ്ഞിരുന്നു. ഇക്കാര്യം താനാണ് അല്ലുവിനെ അറിയിച്ചതെന്ന് ഡി.സി.പി വ്യക്തമാക്കി.