യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് രഞ്ജിത്തിൻ്റെ അറസ്റ്റ് ഉണ്ടായത്. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവനടിയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസിൻ്റെ നിർണായകനീക്കം ഉണ്ടായത്.
പീഡന പരാതിയിൽ പൊലീസ് നടപടിയെ പറ്റി കഴിഞ്ഞ ദിവസങ്ങളിൽ രഞ്ജിത്തിന് വിവരം ലഭിച്ചിരുന്നു. പൊലീസിൻ്റെ നടപടി വേഗത്തിൽ ആയതോടെ രഞ്ജിത്തിനോട് അഭിഭാഷകർ ഒളിവിൽ പോകാൻ നിർദേശം നൽകി. തുടർന്നാണ് സ്വന്തം വാഹനം ഉപേക്ഷിച്ചു സഹപ്രവർത്തകനൊപ്പം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. ഇത് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്നായിരുന്നു അറസ്റ്റ് ചെയ്തുകൊണ്ടുള്ള പൊലീസ് നീക്കം. ചിത്രീകരണം നടക്കുന്ന ഫോര്‍ട്ട്‌കൊച്ചിയിലെ സിനിമ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കാരവാനില്‍ കയറിയപ്പോഴാണ് നടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്നും മാനസിക ആഘാതം കാരണം കൗണ്‍സിലിംഗിന് വിധേയയാകേണ്ടി വന്നെന്നും നടി പരാതിയില്‍ പറയുന്നു.
