പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 9 പേരെ വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; മാറ്റം കോടതി നിർദ്ദേശപ്രകാരമെന്ന് വിശദീകരണം

കണ്ണൂര്‍: പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒൻപതു പേരെ കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ,  പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. ഇന്ന് രാവിലെ 8.15 ന് വിയ്യൂരിൽ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. കോടതി നിർദേശപ്രകാരമാണ് മാറ്റിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു.ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരുന്നു.

അതേസമയം നിയമ പോരാട്ടം തുടരാനാണ് കോൺഗ്രസിന്‍റേയേും സിപിഎമ്മിന്‍റേയും തീരുമാനം. ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം. മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള നേതാക്കൾക്കെതിരെ വിധി വന്ന പശ്ചാത്തലത്തിൽ  അപ്പീൽ പോകുമെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.