അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ. ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 3.54നാണ് വിക്ഷേപണം. രണ്ടുവട്ടം ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ട്ടെമിസ് 2 ദൗത്യം ഏപ്രിലിലേക്ക് മാറ്റിയത്. തകരാര്‍ പരിഹരിച്ച എസ്എല്‍എസ് റോക്കറ്റ് മാര്‍ച്ച് 20ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡിലേക്ക് മാറ്റിയിരുന്നു. 1972 ഡിസംബര്‍ 19-നായിരുന്നു ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ ഏറ്റവുമൊടുവിലെ അപ്പോളോ ദൗത്യം. അമ്പത്തിനാല് വര്‍ഷത്തിന് ശേഷമാണ് ചന്ദ്രനിലേക്കുള്ള ആര്‍ട്ടെമിസ് ടു ദൗത്യം. ഈ ദൗത്യത്തില്‍ ബഹിരാകാശസഞ്ചാരികള്‍ ചന്ദ്രനില്‍ കാലുകുത്തില്ലെങ്കിലും ചന്ദ്രനെ വലംവച്ച് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തും. റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കൊച്, ജെര്‍മി ഹാന്‍സെന്‍ എന്നിവരാണ് ആര്‍ട്ടെമിസ് 2-വിലെ സഞ്ചാരികള്‍. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ബഹിരാകാശയാത്രികര്‍ സഞ്ചരിക്കുന്ന ഓറിയോണ്‍ പേടകം വിക്ഷേപിക്കുന്നത്.
നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ; ദൗത്യം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍
