ഇന്ത്യ-യുഎസ് കരാർ പരമാധികാരത്തിന് നേരെയുള്ള ആക്രമണം; രൂക്ഷ വിമർശനവുമായി സിപിഐഎം

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ രൂക്ഷ വിമർശനവുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ. കരാർ ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്നും യുഎസ് ഭീഷണിക്ക് കേന്ദ്ര സർക്കാർ വഴങ്ങിയത് അങ്ങേയറ്റം നിന്ദ്യമാണെന്നും പൊളിറ്റ്ബ്യൂറോ വിമർശിച്ചു. കേന്ദ്ര സര്‍ക്കാര്‍ യുഎസിന് വലിയ ഇളവുകള്‍ നല്‍കി. ഈ ഇളവുകൾ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ്. ഇന്ത്യന്‍ നയങ്ങൾ തീരുമാനിക്കുന്നത് അമേരിക്കയാണോ എന്നും പിബി ചോദിച്ചു. കരാറിന്‍റെ പൂര്‍ണ വിവരങ്ങള്‍ പാര്‍ലമെന്‍റില്‍ വെയ്ക്കണമെന്നും പൊളിറ്റ്ബ്യുറോ ആവശ്യപ്പെട്ടു.

അതേസമയം വ്യാപാര കരാറിൽ പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി 12ന് രാജ്യമൊട്ടാകെ പ്രതിഷേധിക്കുമെന്നാണ് സംയുക്ത കിസാൻ മോർച്ച ഉൾപ്പടെയുള്ള കർഷക സംഘടനകൾ അറിയിച്ചത്. കരാർ ഇന്ത്യൻ കൃഷിമേഖലയെ കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം. കാലിത്തീറ്റ, സോയാബീൻ ഓയിൽ, പഴങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറക്കുന്നത് ഇന്ത്യൻ കർഷകരെ ദോഷകരമായി ബാധിക്കുമെന്നും ആരോപിച്ചു. കൃഷി, ക്ഷീര മേഖലകളെ കരാറിൽ നിന്ന് ഒഴിവാക്കുമെന്ന് വാഗ്ദാനം നൽകി വാണിജ്യ മന്ത്രി പീയുഷ് ഗോയൽ കർഷകരെ വഞ്ചിച്ചുവെന്നും കർഷക സംഘടനകൾ പറഞ്ഞു. പ്രതിഷേധക്കാർ വാണിജ്യ മന്ത്രി പീയുഷ് ഗോയൽ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. ട്രേഡ് യൂണിയനുകൾ 12ന് പ്രഖ്യാപിച്ച പൊതുപണിമുടക്കിനും കർഷക സംഘടനകൾ പൂർണ പിന്തുണ നൽകിയിട്ടുണ്ട്.