കോട്ടയം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള 14 മുതല്‍ 18 വരെ കോട്ടയം അനശ്വര തിയറ്ററില്‍ നടക്കും.
ഓസ്‌കാറില്‍ അഞ്ചു അവാര്‍ഡുകള്‍ നേടിയ അനോറ, 29-ാമത് ഐഎഫ്‌എഫ്‌കെയില്‍ മത്സര, ലോകസിനിമ, ഇന്ത്യന്‍, മലയാള സിനിമ വിഭാഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25 ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുന്നത്.
മേളയുടെ ഉദ്ഘാടന ചിത്രമായി അനോറ പ്രദര്‍ശിപ്പിക്കും. ഐഎഫ്‌എഫ്‌കെയില്‍ ജൂറി അവാര്‍ഡ്, ഫിപ്രസി അവാര്‍ഡ്, ഓഡിയന്‍സ് അവാര്‍ഡ്, നെറ്റ്പക്, കെ.ആര്‍. മോഹനന്‍ അവാര്‍ഡ് എന്നിങ്ങനെ അഞ്ചു അവാര്‍ഡുകള്‍ നേടിയ ഫെമിനിച്ചി ഫാത്തിമയാണ് സമാപന ചിത്രം.
അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ബോഡി, ഹ്യൂമന്‍ ആനിമല്‍, റിതം ഓഫ് ദമാം, അണ്ടര്‍ ഗ്രൗണ്ട് ഓറഞ്ച് ചിത്രങ്ങളോടൊപ്പം ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച യാഷ ആന്‍ഡ് ലിയോണിഡ് ബ്രെഴനോട്, ബ്ലാക്ക് ഗോള്‍ഡ് വൈറ്റ് ഡെവിള്‍ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ലാറ്റിനമേരിക്കന്‍ ചിത്രങ്ങളായ അന്ന ആന്‍ഡ് ഡാന്‍റെ, കറസ്പോണ്ടന്‍റ്, ദി ലോംഗ്സ്റ്റ് സമ്മര്‍ ചിത്രങ്ങളും മേളയിലുണ്ട്. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ അജൂര്‍ (ബജിക), ബാഗ്ജന്‍ (ആസാമീസ്), ഹ്യൂമന്‍സ് ഇന്‍ ദി ലൂപ് (ഹിന്ദി ), സ്വാഹ സെക്കന്‍ഡ് ചാന്‍സ് (ഹിന്ദി, ഹിമാചലി), ഷീപ് ബാണ്‍ (ഹിന്ദി) ചിത്രങ്ങളും മേളയില്‍ കാണാം. കോളജ് വിദ്യാര്‍ഥിയായ സിറിള്‍ ഏബ്രഹാം ഡെന്നീസ് സംവിധാനം ചെയ്ത വാട്ടു സി സോമ്ബി, കൃഷാന്തിന്‍റെ സംഘര്‍ഷ ഘടന, മുഖ കണ്ണാടി (സന്തോഷ് ബാബു സേനന്‍, സതീഷ് ബാബു സേനന്‍), റോട്ടര്‍ഡാം മേളയില്‍ ശ്രദ്ധനേടിയ കിസ് വാഗന്‍ (മിഥുന്‍ മുരളി) നാടക വിദ്യാര്‍ഥി ആദിത്യ ബേബിയുടെ കാമദേവന്‍ നക്ഷത്രം കണ്ടു ചിത്രങ്ങള്‍ ഏറ്റവും പുതിയ മലയാള സിനിമയെ പ്രതിനിധാനം ചെയ്യുന്നു. ചലച്ചിത്രകാരന്‍ ജി. അരവിന്ദന്‍റെ ഓര്‍മ ദിനത്തോടനുബന്ധിച്ചു അദേഹത്തിന്‍റെ വാസ്തു ഹാര പ്രദര്‍ശിപ്പിക്കും. എംടി സ്മൃതിയുടെ ഭാഗമായി ഓളവും തീരവും പ്രദര്‍ശിപ്പിക്കും. കവിയൂര്‍ ശിവപ്രസാദ് എംടി അനുസ്മരണം നിര്‍വഹിക്കും. എംടി -കാലം എന്ന ചിത്ര പ്രദര്‍ശനവുമുണ്ട്.14ന് വൈകുന്നേരം അഞ്ചിന് ചലച്ചിത്രമേള മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ് എന്നിവര്‍ പങ്കെടുക്കും.
